Enter your Email Address to subscribe to our newsletters

Thiruvananthapuram, 1 നവംബര്‍ (H.S.)
ആമയിഴഞ്ചാന്‍ ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്കായി വീടൊരുക്കി ജില്ലാ പഞ്ചായത്തും നഗരസഭയും. വീടിന്റെ താക്കോൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കൈമാറി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ചത്. നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
2024 ജൂലൈ 13ന് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെയാണ് റെയിൽവേ കരാർ ജീവനക്കാരൻ ജോയി അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി, തലസ്ഥാന നഗരത്തിന്റെ ഹൃദയത്തിലൂടെയൊഴുക്കുന്ന മലിനജലത്തിൽ ജോയിക്ക് ജീവൻ നഷ്ടമായി. ഏക ആശ്രയമായിരുന്ന മകനെ നഷ്ടപ്പെട്ട അമ്മ മെൽഗി ഒറ്റയ്ക്കായി.
അടച്ചുറപ്പുള്ള കിടപ്പാടം പോലുമില്ലാതിരുന്ന മെൽഗിയെ ചേർത്ത് പിടിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. ആ ഉറപ്പ് പാലിച്ച സർക്കാർ മെൽഗിയ്ക്ക് വീട് വെച്ചുനൽകി. തിരുവനന്തപുരം കോർപ്പറേഷനും ജില്ലാപഞ്ചായത്തും ചേർന്ന് നിർമിച്ച വീടിന്റെ താക്കോൽ ദാനവും പാലുകാച്ചൽ ചടങ്ങും നടന്നു. മന്ത്രി എം.ബി. രാജേഷും, മേയർ ആര്യ രാജേന്ദ്രനും ചേർന്നാണ് താക്കോൽ കൈമാറിയത്.
തിരുവനന്തപുരം ചുള്ളിയോർക്കോണം വിളകത്താണ് വീട് നിർമിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വാങ്ങിയ അഞ്ച് സെന്റ് ഭൂമിയിൽ കോർപ്പറേഷന്റെ ഫണ്ടിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ കൂടി ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. ചേർത്തുനിർത്തിയ സർക്കാരിനോട് ഒരുപാട് നന്ദിയെന്ന് അമ്മ മെൽഗി പറയുന്നു. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദനായ്‌ക്കോ കണ്ണീരിനോ പകരമാവില്ല വീട്. പക്ഷേ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയ്ക്ക് വീട് നൽകുന്ന സുരക്ഷിതത്വം ചെറുതാകില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR