Enter your Email Address to subscribe to our newsletters

Kochi, 1 നവംബര്‍ (H.S.)
നരേന്ദ്രമോദി സർക്കാരുള്ളതു കൊണ്ടാണ് കേരളത്തിൽ പട്ടിണി മരണങ്ങളില്ലാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തുന്നത് പിആർ പ്രചരണം മാത്രമാണെന്നും തൃപ്പൂണിത്തുറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ കൊടുക്കുന്നതും ശൗചാലയങ്ങൾ നിർമ്മിക്കുന്നതും ജൽജീൽവൻ മിഷനിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതും കേന്ദ്രസർക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഏഴുലക്ഷം വീടുകളാണ് സംസ്ഥാനം വിഹിതം കൊടുക്കാത്തത് കൊണ്ട് മാത്രം മുടങ്ങിക്കിടക്കുന്നത്.
ഇങ്ങനെ നിരവധി പദ്ധതികളാണ് സംസ്ഥാന വിഹിതം ഇല്ലാത്തത് കൊണ്ട് മുടങ്ങിക്കിടക്കുന്നത്. അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം കരാർ പുതുക്കുന്നില്ല. ജൽജീവൻമിഷൻ പദ്ധതിക്ക് സംസ്ഥാനം ഫണ്ട് നീക്കിവെക്കുന്നില്ല. സംസ്ഥാനം സ്വന്തം ഖജനാവിൽ നിന്നും ആളുകളെ ദാരിദ്ര്യമുക്തമാക്കാൻ എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയണം.
സംസ്ഥാനം കണ്ടെത്തിയ 60,000ത്തിൽ വലിയ ഭാഗം സിപിഎമ്മുകാരാണ്. വീടുകളില്ലാതെ ടാർപോളിനുള്ളിൽ കിടക്കുന്ന ആയിരങ്ങളാണ് കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങൾ ഇതുപോലത്തെ തട്ടിപ്പ് പരിപാടി നടത്തുന്നില്ല. ഇന്ത്യയിൽ അതിദാരിദ്ര്യം മറികടക്കാൻ വലിയ ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്.
സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം എന്ന് പറയുന്നത് പോലത്തെ വ്യാജപ്രചരണമാണ് അതിദാരിദ്ര്യത്തിൻറെ കാര്യത്തിലും നടക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് മോദി സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതിയിലൂടെ നൽകുന്നത്. കേരളത്തിൽ അത് നൽകാതിരിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.
പിഎം ശ്രീയിൽ നിലപാട് മാറ്റിയ വിദ്യാഭ്യാസ മന്ത്രിയാണ് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കിൽ അതിനെ പറ്റി പറയേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പഠിക്കാൻ ഏഴുപേരെ വെച്ചത് തലതിരിഞ്ഞ സമീപനമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR