Enter your Email Address to subscribe to our newsletters

Thiruvananthapuram, 1 നവംബര്‍ (H.S.)
കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ചരിത്ര പ്രഖ്യാപനം നടത്തിയത്. കേരളത്തിൻ്റെ ചരിത്രപുസ്തകത്തിൽ പുതിയ അധ്യായമാണ് നടന്നിരിക്കുന്നത്. ചടങ്ങിൽ മമ്മൂട്ടി എത്തിച്ചേർന്നതിൽ സന്തോഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്റ്റാറ്റസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിലെ വിശിഷ്ഠാതിഥിയായ മമ്മൂട്ടിക്ക് കൈമാറി.
അതി ദാരിദ്ര്യം ഇല്ലാത്ത നാടായി ലോകത്തിന് മുന്നിൽ അഭിമാനത്തോടെ നാം തല ഉയർത്തി നിൽക്കുകയാണ്. ഇത് പുതിയ കേരളത്തിൻ്റെ ഉദയമാണ്. ഇത് നവ കേരളത്തിൻ്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. ആരും കൊടും ദാരിദ്ര്യത്തിൻ്റെ ആഘാതത്തിൽ വീണുപോകില്ല എന്ന് നാട് ഉറപ്പാക്കുന്ന ചരിത്ര നിമിഷം കൂടിയാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ തവണ മന്ത്രിസഭ കൂടിയപ്പോൾ 64005 കുടുംബങ്ങൾ അതി ദാരിദ്ര്യം മുക്തമായിരുന്നു. ഒരു കുടുംബം മാത്രം സാങ്കേതിക കാരണങ്ങളാൽ അതിദാരിദ്ര്യ മുക്തമായിരുന്നില്ല. അക്കാര്യം മന്ത്രിസഭയുടെ മുന്നിലേക്ക് എത്തുകയും അത് പരിഹരിക്കുകയും ചെയ്തു. ഇതോടെയാണ് പദ്ധതി പൂർത്തിയാകുന്നത്. ഇതൊരു തട്ടിപ്പല്ല, യാഥാർത്ഥ്യമാണ്. നിർഭാഗ്യകരമായ പരാമർശം ഇന്ന് പ്രതിപക്ഷ നേതാവിൽ നിന്നും കേൾക്കേണ്ടി വന്നു.
നമ്മുടെ നാടിനെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കാലമുണ്ടായിരുന്നു. അവിടെ നിന്നും പ്രബുദ്ധ കേരളത്തിലേക്കാണ് നാം യാത്ര ചെയ്തത്. ഐതിഹാസികമായ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നാം സാക്ഷിയിട്ടുണ്ട്. ഇടത് സർക്കാരുകൾ നടപ്പാക്കിയിട്ടുള്ള പല പദ്ധതികളും ഇല്ലാതാക്കാനുള്ള ശ്രമം ചരിത്രത്തിൽ കണ്ടിട്ടുള്ളതാണ്. കുടുംബശ്രീക്ക് പകരം ജനശ്രീ സംവിധാനം കൊണ്ടുവരാൻ ശ്രമിച്ചതും നമ്മുടെ മുന്നിലുള്ളതാണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു നേതാവ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ സർക്കാർ വീണ്ടും അധികാരം വരുന്ന കാഴ്ചയാണ് കണ്ടത്. നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങളിലെ ജീവിതനിലവാരവുമായി കിടപിടിക്കുന്ന തലത്തിലേക്ക് എത്തി. നവകേരളം എന്ന ലക്ഷ്യം അകലെയല്ലെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുന്നു കൂടിയ സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലും പിന്തുണയുമാണ് നാടിൻ്റെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നീതി ആയോഗിന്റെ സാക്ഷ്യപ്പെടുത്തലുണ്ട്. റിസർവ്ബാങ്ക് റിപ്പോർട്ട് പ്രകാരം ദിവസവേതനം ഏറ്റവും കൂടുതൽ നൽകുന്നത് കേരളത്തിലാണ്. 362 രൂപയാണ് ദേശീയ ശരാശരി. 829 രൂപയാണ് കേരളത്തിൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR