Enter your Email Address to subscribe to our newsletters

Thiruvananthapuram, 1 നവംബര്‍ (H.S.)
ആശ വര്‍ക്കര്‍മാരുടെ സമര വേദിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് ക്ഷണിച്ചിട്ടെന്ന് സമര നേതൃത്വം. സമരത്തെ പിന്തുണച്ച എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും അക്കൂട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയും ക്ഷണിച്ചതെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും അതിലൊന്നും മറുപടി പറയുകയില്ലെന്നും സമര നേതൃത്വം അറിയിച്ചു. സമരത്തെ പിന്തുണച്ച ആയിരത്തോളം പേരെ ക്ഷണിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് രാഹുലിനെയും ക്ഷണിച്ചത്. ഇവിടെ എത്തിയിരിക്കുന്ന എല്ലാ മക്കളേയും നേതാക്കളെയും സഹോദരങ്ങളേയും അഭിവാദ്യമര്‍പ്പിച്ച് സ്വീകരിച്ചിട്ടുണ്ട്.
'എല്ലാവരെയും ഞാന്‍ തന്നെയാണ് വിളിച്ചത്. അന്ന് ആരോപണ വിധേയനായിരുന്നില്ലേ, ഇന്ന് ആരോപണ വിധേയനണോ എന്നതൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേയല്ല. ഞങ്ങള്‍ക്ക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരിക്കുന്ന മുഴുവന്‍ പേരെയും ഞങ്ങള്‍ അമ്മമാര്‍ എല്ലാ മക്കളേയും നേതാക്കളെയും സഹോദരങ്ങളേയും അഭിവാദ്യമര്‍പ്പിച്ച് സ്വീകരിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം പേരെ ക്ഷണിച്ചിട്ടുണ്ട്. അതില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ട്. അദ്ദേഹം ഇവിടെ വന്നു, ഞങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഞങ്ങളെ സ്വീകരിക്കുകയും ചെയ്തു,' സമര നേതൃത്വം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കേണ്ട ബാധ്യത തനിക്കില്ല. താന്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച മുഴുവന്‍ പേരെയും വിളിച്ചിട്ടുണ്ട്. അതല്ലാത്ത ഒരു വിഷയത്തിലും സംസാരിക്കാന്‍ തയ്യാറല്ലെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR