Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 നവംബര്‍ (H.S.)
പിണറായി സര്‍ക്കാര്‍ വലിയ നേട്ടമായി കാണിക്കുന്ന അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം ആഘോഷമാക്കാനുളള പണം കണ്ടെത്തിയതില്‍ വിവാദം. പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ട് വെട്ടിക്കുറച്ചാണ് കോടികള്‍ കണ്ടെത്തിയിരിക്കുന്നത്. പരിപാടിക്ക് 1.50 കോടി രൂപയാണ് അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി വീട് നിര്‍മ്മാണത്തിന് ആദ്യം നീക്കി വച്ച 52.8 കോടി രൂപയില്‍ നിന്നും ഫണ്ട് വെട്ടിക്കുറച്ച് 51.3 കോടിയാക്കി മാറ്റി.
അതിദരിദ്രരുടെ ഭവന നിര്‍മ്മാണത്തിനായി നീക്കിവെച്ച ഫണ്ടിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഒക്ടോബര്‍ 26 ന് തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ ഐഎഎസ് പുറപ്പെടുവിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പരിപാടിക്ക് പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണ ഫണ്ട് തന്നെ വകമാറ്റുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം ആഘോഷം നടക്കുന്നത്. കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ എത്തിച്ച് ആഘോഷമാക്കാനാണ് സര്‍ക്കാര്‍ തയാറെടുപ്പ്. എന്നാല്‍ കമല്‍ഹാസനും മോഹന്‍ലാലും പരിപാടിക്ക് എത്തില്ല. ദുബായില്‍ ഉള്ള മോഹന്‍ലാല്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. ചെന്നെയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കമലഹാസനും വരില്ല. മമ്മൂട്ടി മുഖ്യാതിഥിയാകും. ഇതിനായി മമ്മൂട്ടി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മന്ത്രി വി ശിവന്‍കുട്ടി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S