Enter your Email Address to subscribe to our newsletters

Pathanamthitta,12 നവംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാര്‍. പത്മകുമാറിന്‍റെ ഭാര്യയുടെ ബന്ധുവിന്‍റെ മരണത്തെ തുടര്‍ന്നാണ് സാവകാശം ആവശ്യപ്പെട്ടത്.
സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന് പത്മകുമാര്‍ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസ് നല്കുന്നത്. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കേസിൽ സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഈ നിർണായക നീക്കം.
സ്വർണക്കൊള്ള ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഗൂഢാലോചനയാണെന്നും തങ്ങള്‍ക്ക് അറിവില്ലെന്നുമായിരുന്നു പത്മകുമാറിന്‍റെ മൊഴി. ഇത് പൂർണമായും തള്ളുന്നതാണ് എൻ.വാസുവിനെതിരായി പുറത്തു വന്നിട്ടുള്ള റിമാൻഡ് റിപ്പോർട്ട്.ഇന്നലെ അറസ്റ്റിലായ എൻ. വാസുവും മുൻപ് പിടിയിലായ മുരാരി ബാബുവും ഉള്‍പ്പെടെ നല്‍കിയ മൊഴി പത്മകുമാറിനെതിരാണെന്നാണ് ലഭിക്കുന്ന വിവരം. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റി നും അംഗങ്ങള്‍ക്കുമുള്‍പ്പെടെ സ്വർണക്കൊള്ളയെക്കുറിച്ച് അറിയാമായിരുന്നെന്നും സ്വർണപ്പാളികള്‍ ചെമ്പെന്നു രേഖപ്പെടുത്തിയത് ഇവർ കണ്ടതാണെന്നും ഇവരുടെ കൂടി അറിവോടെയാണ് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയില്‍ കൊടുത്തുവിട്ടതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ഇതിനിടെ ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ കുടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തെന്നും കട്ടിളപ്പാളിയിലെ സ്വർണം കടത്തിയത് ബോർഡിന്‍റെ അറിവോടെയെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
എൻ. വാസുവാണ് സ്വർണപ്പാളിയെ രേഖകളിൽ ചെമ്പ് എന്ന് രേഖപ്പെടുത്തുന്നത്. അത് ദേവസ്വം ബോർഡിന്‍റെ അറിവോടെയാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. വാസുവിന് ഗൂഢാലോചനയില്‍ പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തു കൊടുത്തു. സ്വർണം ചെമ്പെന്നു രേഖപ്പെടുത്താൻ നിർദേശം നല്‍കി. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനുള്ള നടപടി സ്വീകരിച്ചതും വാസുവാണെന്നും സ്വർണം പൂശിയതെന്ന പരാമർശം അന്നത്തെ കമ്മീഷണറായിരുന്ന വാസു ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഇതിനിടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ് എ ടി ) അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് നടപടി. കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തിയതിനെ തുടർന്നാണ് കേസ് റാന്നിയില് നിന്നും കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്. അഴിമതി നിരോധന വകുപ്പ് ചുമത്തിയ സാഹചര്യത്തില്‍ കേസില്‍ ഇഡിയ്ക്കും അന്വേഷണവും ഉണ്ടാകാനാണ് സാധ്യത..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR