Enter your Email Address to subscribe to our newsletters

Mumbai, 12 നവംബര്‍ (H.S.)
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു .
ബുധനാഴ്ച മുംബൈയിലെ എബിവിപി ആസ്ഥാനത്ത് നടന്ന സംഘടന തെരഞ്ഞെടുപ്പിലാണ് ദേശീയ അധ്യക്ഷനെയും ദേശീയ ജനറൽ സെക്രട്ടറിയും നിശ്ചയിച്ചത്.
ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ 28,29,30 തീയ്യതികളിലായി നടക്കുന്ന 71-ാം എബിവിപി ദേശീയ സമ്മേളനത്തിൽ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിർവാഹക സമിതി അംഗവുമായ പ്രൊഫ മസാഡി ബാപ്പു റാവു അറിയിച്ചു.
ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ രഘു രാജ് കിഷോർ തിവാരി മധ്യപ്രദേശിലെ റേവ സ്വദേശിയാണ്.ജബൽപ്പൂരിലെ ജവഹർലാൽ നെഹ്റു കാർഷിക സർവ്വകലാശാല റേവ ക്യാമ്പസിലെ കാർഷിക ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് അദ്ദേഹം . രഘുരാജ് കിഷോർ ജി പി. എച് . ഡി പൂർത്തിയാക്കിയതും നിലവിൽ സേവനമനുഷ്ഠിച്ചിക്കുന്ന സർവ്വകലാശാലയിൽ നിന്നാണ്. 1987 മുതൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ സജീവ പ്രവർത്തകനായ അദ്ദേഹം കോളേജ് പഠന കാലഘട്ടത്തിൽ റേവയിലെ കാർഷിക കോളേജിൻ്റെ വിദ്യാർത്ഥി യൂണിൻ പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാർഷിക മേഖലയുടെ ഉന്നമനത്തിന് അദ്ദേഹം ആവിഷ്കരിച്ച പദ്ധതികളും വിദ്യാർത്ഥികളെ കാർഷിക വിദ്യാഭ്യാസ രംഗത്തേക്ക് അടുപ്പിക്കുന്നതിനും ക്രാന്തദർശിയായ അദ്ദേഹം മഹനീയ സംഭാവനകളാണ് നൽകിയിട്ടുള്ളത്.അദ്ദേഹത്തിൻ്റെ സ്തുത്യർഹമായ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) 2014 ൽ മികച്ച അധ്യാപകനുള്ള അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു . കൂടാതെ നേപ്പാളിലെ പ്രശസ്തമായ ത്രിഭുവൻ സർവകലാശാലയും 2026 ൽ വിശിഷ്ട ശാസ്ത്രജ്ഞ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ 125-ലധികം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതേപോലെ കാർഷിക ശാസ്ത്രത്തിൻ്റെ മഹത്വം സ്പഷ്ടമാക്കുന്ന മൂന്ന് പ്രശസ്ത ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.മികച്ച അധ്യാപകനായ അദ്ദേഹം 50-ലധികം ചെറുകിട ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് കൂടാതെ മൂന്ന് ഡോക്ടറൽ പ്രബന്ധങ്ങൾക്കും മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഫിലിപ്പീൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IRRI) നടത്തിയ സംയുക്ത ഗവേഷണ പദ്ധതിയിൽ തന്റെ സർവകലാശാലയെ പ്രതിനിധീകരിക്കാനുള്ള അസുലഭ അവസരവും രഘു രാജ് തിവാരി ജി യെ തേടിയെത്തി. മധ്യപ്രദേശ് സംസ്ഥാനത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിർവ്വഹണ സമിതി അംഗമായ അദ്ദേഹം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. എബിവിപി മഹാകൗശൽ പ്രാന്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം മധ്യപ്രദേശിലെ എബിവിപി യുടെ വളർച്ചയിൽ നിർണായക സാന്നിധ്യമായി മാറി. 2006 മുതൽ 2009 വരെ എബിവിപി യുടെ ദേശീയ ഉപാധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
മധ്യപ്രദേശിലെ ഉദയ്നഗർ (ഇണ്ടോർ ജില്ലാ)സ്വദേശിയാണ് ദേശീയ ജനറൽ സെക്രട്ടറിയായി തുടർച്ചയായി രണ്ടാം വർഷവും തെരഞ്ഞെടുക്കപ്പെട്ട ഡോ.വീരേന്ദ്ര സിംഗ് സോളങ്കി .ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും എം ബി ബി എസ് പഠനം പൂർത്തീകരിച്ച അദ്ദേഹം നിലവിൽ അതേ സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിറ്റി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ പഠനം നടത്തുകയാണ്.2014 മുതൽ അദ്ദേഹം എബിവിപിയിൽ സജീവമാണ് .അലോപ്പതി വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് എബിവിപി ആരംഭിച്ച മെഡിവിഷൻ സംഘടനയുടെ ദേശീയ കൺവീനറായിരുന്ന അദ്ദേഹം മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന വിവിധ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്താനായി അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട് .അശരണരും നിരാലംബരുമായ രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നുകളും പ്രദാനം ചെയ്യാനുമായി കുടുംബത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ക്ലിനിക്കിലും അദ്ദേഹം നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചു പോരുന്നു .കോളേജ് യൂണിറ്റ് പ്രസിഡണ്ട്, ഇൻഡോർ നഗർ സെക്രട്ടറി,മെഡിവിഷൻ സംസ്ഥാന കൺവീനർ, കേന്ദ്ര പ്രവർത്തക സമിതി അംഗം, ദേശീയ മെഡിവിഷൻ കൺവീനർ , ദേശീയ സെക്രട്ടറി , എന്നീ സുപ്രധാന പദവികൾ വിരേന്ദ്ര സിംഗ് സോളങ്കി വഹിച്ചിട്ടുണ്ട്.
തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR