Enter your Email Address to subscribe to our newsletters

Kochi, 12 നവംബര്‍ (H.S.)
ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി കൊറിയൻ കപ്പല്‍ നിർമ്മാണ കമ്ബനിയുമായി ധാരണാപത്രം ഒപ്പുവച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ്.
നാവികസേനയുടെ ലാന്‍ഡിംഗ് ഷിപ്പ് പദ്ധതിയ്ക്കായാണ് ദക്ഷിണ കൊറിയയിലെ എച്ച്‌ഡി ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ധാരണാപത്രം ഒപ്പ് വച്ചത്.
ഇന്ത്യന്‍ നാവികസേനയുടെ ലാന്‍ഡിംഗ് പ്ലാറ്റ്ഫോം ഡോക്ക് (Landing Platform Dock /LPD) പ്രോഗ്രാമിന്റെ പദ്ധതി ആസൂത്രണം, സംഭരണം, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, പേഴ്സണല്‍ പരിശീലനം എന്നിവയില്‍ എച്ച്‌ഡി ഹ്യുണ്ടായ് ഹെവി പിന്തുണ നല്‍കും. ഏകദേശം 9 ബില്യണ്‍ ഡോളര്‍ (80,000 കോടി രൂപ) മൂല്യം വരുന്നതാണ് ഈ പദ്ധതി.
മാതൃകമ്ബനിക്ക് പിന്നാലെ
ജൂലൈയില്‍, എച്ച്‌ഡി എച്ച്‌എച്ച്‌ഐയുടെ മാതൃ കമ്ബനിയായ എച്ച്‌ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് & ഓഫ്ഷോര്‍ എഞ്ചിനീയറിംഗുമായി(HD Korea Shipbuilding & Offshore Engineering /HD KSOE) കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ 310 മീറ്റര്‍ നീളമുള്ള പുതിയ ഡ്രൈഡോക്ക് ടാങ്കറുകള്‍, കണ്ടെയന്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയര്‍ പോലുള്ള ലാര്‍ജ് വെസലുകള്‍ എന്നിവ നിര്‍മിക്കുന്നതിനായിരുന്നുപങ്കാളിത്തം. പുതിയ കരാറോടെ ആ പങ്കാളിത്തം നാവിക പ്രതിരോധത്തിലേക്കും വ്യാപിക്കുകയാണ്.
കപ്പല്‍ നിര്‍മാണത്തില്‍ മുന്നേറാന്‍
ഇന്ത്യ ദേശീയ തലത്തില്‍ വാണിജ്യ കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ ശ്രമിക്കുകയാണ്. കൊറിയ ട്രേഡ്-ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സി ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ നിര്‍മ്മാണ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം 40,000 ഗ്രോസ് ടണ്‍ മാത്രം ആയിരുന്നു. ആഗോള കപ്പല്‍ നിര്‍മ്മാണ വിപണിയുടെ 0.06 ശതമാനം മാത്രമാണിത്. ലോക വിപണിയില്‍ 16-ാം സ്ഥാനമാണ് കപ്പല്‍ നിര്‍മാണത്തില്‍ ഇന്ത്യയ്ക്കുള്ളത്. 2030 ഓടെ ലോകത്തിലെ ഏറ്റവും മികച്ച 10 കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നാകാനും 2047 ഓടെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിലൊന്നാകാനുമുള്ള ശ്രമത്തിലാണ് രാജ്യം.
ഇതിനായി ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. നിക്കി ഏഷ്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ സര്‍ക്കാര്‍ സെപ്റ്റംബറില്‍ സമുദ്ര വ്യവസായത്തിന് 69,730 കോടി രൂപയുടെ (7.86 ബില്യണ്‍ ഡോളര്‍) പിന്തുണാ പാക്കേജ് ആണ് പ്രഖ്യാപിച്ചത്. അതില്‍ കപ്പല്‍ നിര്‍മ്മാണത്തിനും സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള ധനസഹായവും ഉള്‍പ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR