Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 നവംബര്‍ (H.S.)
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പ്രതിഷേധം. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളാണ് പ്രതിഷേധിക്കുന്നത്. ജാതി അധിക്ഷേപം നടത്തിയ ഡീൻ ഡോ. സി.എൻ. വിജയകുമാരിയെ പുറത്താക്കുക എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സെനറ്റ് യോഗത്തിൽ ഡീൻ വിജയകുമാരി പങ്കെടുക്കുന്നതും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജാതി അധിക്ഷേപ ആരോപണം നിലനിൽക്കെയാണ് വിജയകുമാരി യോഗത്തിൽ പങ്കെടുക്കുന്നത്.
യോഗത്തിൽ നിന്നും ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും, ഡീൻ സ്ഥാനത്തു നിന്ന് നീക്കുക എന്ന പ്ലക്കാർഡ് ഉയർത്തിയുമാണ് ഇടത് സെനറ്റ് അംഗങ്ങൾ പ്രതിഷേധിക്കുന്നത്. എന്നാൽ, പ്രതിഷേധവുമായി ബന്ധപ്പെട്ട് വിസി മോഹനൻ കുന്നുമ്മൽ ഇതുവരെ പ്രതികരിക്കുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, വിസി സംഘപുത്രനാണെന്നും സംരക്ഷിക്കുമെന്നും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. എന്നാൽ ജാതിവെറിയുടെ പ്രതീകമായ വിജയകുമാരിയെ സംരക്ഷിച്ചാൽ വിസിക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്ന് ഇടത് സെനറ്റംഗങ്ങളും വ്യക്തമാക്കി. നാല് മാസത്തെ ഇടവേളക്കുശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേർന്നത്. സർവകലാശാല ആസ്ഥാനത്താണ് യോഗം.
സർവകലാശാല ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്തേക്കും. എന്നാൽ യോഗത്തിനു മുൻപ് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനാണ് എസ്എഫ്ഐ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR