Enter your Email Address to subscribe to our newsletters

Malappuram, 12 നവംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടക്കൽ നഗരസഭയിൽ ഒറ്റക്ക് മത്സരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. മുസ്ലീംലീഗുമായുള്ള സഖ്യത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണ് നീക്കം. കോൺഗ്രസ് സീറ്റിൽ ലീഗ് വിമതൻ പ്രചരണം ആരംഭിച്ചതാണ് കോൺഗ്രസും ലീഗും തമ്മിലെ പിണക്കത്തിന് കാരണമായത്. വിമതനീക്കത്തില്‍ നടപടി എടുക്കേണ്ട ലീഗ് മൗനം പാലിക്കുകയാണ് എന്നാണ് കോൺഗ്രസിൻ്റെ പരാതി.
ലീഗിൻ്റെ പൊന്നാപുരം കോട്ടയായ കോട്ടക്കൽ നഗരസഭയിൽ നിലവിൽ കോൺഗ്രസിന് അംഗങ്ങൾ ഇല്ല. 32 വാർഡുള്ള നഗരസഭയിൽ വാർഡ് പുനഃക്രമീകരണത്തിൽ മൂന്ന് എണ്ണം വർധിച്ചു. ഇതിൽ ഗാന്ധിനഗർ വാർഡ് ഉൾപ്പെടെ ഒൻപത് വാർഡുകൾ കോൺഗ്രസിന് നൽകാനായിരുന്നു യുഡിഎഫ് തീരുമാനം.
എന്നാൽ ഈ വാർഡിൽ ലീഗ് പ്രതിനിധി സ്ഥാനാർഥിയായി പ്രചരണം തുടങ്ങിയതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. വിമതനെതിരെ നടപടി എടുക്കും എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ലീഗിനെ വിശ്വസിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി. സേതുമാധവൻ പറയുന്നത്.
2020ലും കോൺഗ്രസിനെ തോൽപ്പിക്കാൻ ലീഗ് വിമതർ ഉണ്ടായിരുന്നു. അന്ന് വിമതർക്കെതിരെ നടപടി എടുത്ത ലീഗ്, ഫലം വന്ന് 15 ദിവസം കഴിഞ്ഞപ്പോൾ പുറത്താക്കിയവരെ തിരിച്ചെടുത്തു. ഇത് എന്ത് നടപടി എന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ ചോദ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR