ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മറിയക്കുട്ടി
Idukki, 12 നവംബര്‍ (H.S.) ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മറിയക്കുട്ടി. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഭിക്ഷയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയ്‌ക്ക് വേണ്ടി മത്സരിച്ചേക്ക
മറിയകുട്ടി


Idukki, 12 നവംബര്‍ (H.S.)

ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മറിയക്കുട്ടി. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഭിക്ഷയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയ്‌ക്ക് വേണ്ടി മത്സരിച്ചേക്കും. ബിജെപി നേതാക്കള്‍ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി സ്ഥിരീകരിച്ചു. എന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മറിയക്കുട്ടി പ്രതികരിച്ചത്.

അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ബിജെപി നേതൃത്വം പറയുന്നത് പോലെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞാൽ അതുപോലെ ചെയ്യുമെന്നുമാണ് മറിയക്കുട്ടിയുടെ പ്രതികരണം.

''പാര്‍ട്ടി മത്സരിക്കാന്‍ പറയുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായില്ല. നിലവില്‍ പ്രായത്തിൻ്റേതായ ആരോഗ്യക്കുറവല്ലാതെ മറ്റ് പ്രശ്‌നമൊന്നുമില്ല. അന്തിമ തീരുമാനം ഉടന്‍ എടുക്കും. ബിജെപി നേതൃത്വം പറയുന്നത് പോലെ ചെയ്യും. സുരേഷ് ഗോപി പറഞ്ഞാൽ മത്സരിക്കുമെന്നും മറിയക്കുട്ടി പ്രതികരിച്ചു.

താന്‍ മത്സരിക്കുകയാണെങ്കില്‍ പാവങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുമെന്നും മറിയക്കുട്ടി വാഗ്‌ദാനം ചെയ്‌തു. പാവങ്ങളെ തിരിച്ചറിയണമെന്നും അവരെ കാണണമെന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ത് വന്നാലും അവരെ പോയി അന്വേഷിക്കണം. അതാണ് മുഖ്യം. പണക്കാരെയല്ല, ദരിദ്രരെയാണ് നോക്കേണ്ടതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തിലാണ് മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

നേരത്തെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിൻ്റെ വിവിധ സമര വേദികളില്‍ മറിയക്കുട്ടി പങ്കെടുത്തിരുന്നു. പിന്നാലെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കുകയും ചെയ്‌തിരുന്നു. മുന്‍ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍ നേരിട്ടെത്തിയായിരുന്നു മറിയക്കുട്ടിക്ക് വീടിൻ്റെ താക്കോല്‍ കൈമാറിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News