Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 നവംബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിൻ്റെ അറസ്റ്റിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം കൂടുതല്‍ ഉന്നതങ്ങളിലേക്ക് വ്യാപിപ്പിച്ചു.
2019-ല്‍ എ. പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിലുള്ള സാഹചര്യത്തില്‍, അന്നത്തെ ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.(Sabarimala gold theft case, Investigation moves to higher levels after N Vasu's arrest)
സ്വർണ്ണക്കൊള്ള നടന്ന കാലയളവില്‍ ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ ദേവസ്വം ബോർഡ് സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം വിശദമായി ശേഖരിച്ചുവരികയാണ്.
മൊഴി ശേഖരണം പൂർത്തിയാകുന്നതോടെ പത്മകുമാർ അടക്കമുള്ള അന്നത്തെ ബോർഡ് അംഗങ്ങള്‍ക്കെതിരായ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. ഇതിനു മുന്നോടിയായി, കേസില്‍ ഉള്‍പ്പെട്ട ചില ഇടനിലക്കാർ, പ്രതിപ്പട്ടികയിലുള്ള മറ്റു ചില ഉദ്യോഗസ്ഥർ എന്നിവരുടെ അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് സൂചന.
ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. ഇന്ന് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാർച്ച് ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കള്‍ മാർച്ചില്‍ പങ്കെടുക്കും. സമരപരിപാടികള്‍ക്ക് ശേഷം, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ തന്ത്രങ്ങള്‍ ആലോചിക്കാൻ കെപിസിസി നേതൃയോഗം ചേരും. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംഎല്‍എമാർ എന്നിവരുടെ സംയുക്ത യോഗം ഇന്ദിരാഭവനിലാണ് ചേരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR