Enter your Email Address to subscribe to our newsletters

Ernakulam, 12 നവംബര്‍ (H.S.)
തേവര സേക്രഡ് ഹാർട്ട് (എസ്.എച്ച്.) കോളേജ് വിദ്യാർത്ഥികളുടെ ആസൂത്രണം ചെയ്ത ബാംഗ്ലൂർ-ഗോവ പഠനയാത്ര റദ്ദായതിനെ തുടർന്ന്, അഡ്വാൻസായി നല്‍കിയ തുക തിരികെ നല്‍കാതിരുന്ന ടൂർ ഓപ്പറേറ്റർക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ തിരിച്ചടി നല്‍കി.
പരാതിക്കാരനായ വിദ്യാർത്ഥിക്ക് 1.25 ലക്ഷം രൂപ നല്‍കാൻ കമ്മീഷൻ ഉത്തരവിട്ടു.
എസ്.എച്ച്. കോളേജിലെ ബി.എസ്.സി. (ഫിസിക്സ്) വിദ്യാർത്ഥിയായ ഹെലോയിസ് മാനുവല്‍, കലൂരിലെ ബി.എം. ടൂർസ് & ട്രാവല്‍സിനെതിരെയാണ് പരാതി നല്‍കിയത്. 37 വിദ്യാർത്ഥികളും 3 അധ്യാപകരും അടങ്ങുന്ന സംഘം 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ ഗോവ, ദണ്ഡേലി എന്നിവിടങ്ങളിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ആകെ യാത്രാച്ചെലവ് 2,07,000 രൂപയായിരുന്നു.
ടൂർ ഓപ്പറേറ്റർക്ക് ഒരു ലക്ഷം രൂപ അഡ്വാൻസായി കൈമാറി. ഇന്ത്യൻ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടർന്ന് ബദല്‍ മാർഗ്ഗങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ടൂർ പൂർണ്ണമായും റദ്ദാക്കി. തുക തിരികെ നല്‍കാൻ വിസമ്മതിച്ചു: അഡ്വാൻസ് തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ 2023 ജൂണില്‍ നല്‍കാമെന്ന് ടൂർ ഓപ്പറേറ്റർ സമ്മതിച്ചെങ്കിലും പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല.
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ (അധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങള്‍ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ) വിദ്യാർത്ഥിയുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി. സേവനം നല്‍കാതിരിക്കുകയും, പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ചെയ്യാതിരിക്കുകയും ചെയ്തത് സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയുമാണ്. യാത്ര മുടങ്ങിയപ്പോള്‍ ഉടൻ പണം തിരികെ നല്‍കാനുള്ള നിയമപരമായ ബാധ്യത ടൂർ ഓപ്പറേറ്റർ ലംഘിച്ചു. അഡ്വാൻസായി കൈപ്പറ്റിയ 1,00,000 രൂപയും, നഷ്ടപരിഹാരവും കോടതിച്ചെലവുകളുമായി 25,000 രൂപയും അടക്കം ആകെ 1,25,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR