Enter your Email Address to subscribe to our newsletters

Wayanad, 12 നവംബര്‍ (H.S.)
രേഖകളില്ലാതെ കടത്തിയ പണവുമായി രണ്ട് പേർ പിടിയില്‍. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിന്റെ മുന്നില്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് 87 ലക്ഷം രൂപയുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായത്.
ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. 86,58,250 രൂപ രൂപയാണ് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ മഹാരാഷ്ട്ര സംഗ്ലീ ജില്ലയിലെ ഖാനപ്പൂര്‍ കര്‍വ ചിന്‍ഞ്ചനി സാന്‍കേത് തുക്കാറാം നിഗം (24), മഹാരാഷ്ട്ര സംഗ്ലീ ടാന്‍ഗാവ് സൊര്‍ഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേല്‍ (25 ) എന്നിവരാണ് പിടിയിലായത്. മതിയായ രേഖകളില്ലാതെയാണ് ഇവർ പണം കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത പണം തുടര്‍നടപടികള്‍ക്കായി ആദായനികുതിവകുപ്പിന് കൈമാറി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ. തോമസ്, ബി. സുദിപ്, സിവില്‍ എക്‌സെസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത് തുടങ്ങിവർ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ സംഘമാണ് തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്. നവംബർ ആദ്യ ആഴ്ചയും ഇത്തരത്തില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം എക്‌സൈസ് പിടികൂടിയിരുന്നു. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ മീനങ്ങാടിക്ക് സമീപം നടന്ന വാഹനപരിശോധനയിലായിരുന്നു അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടിച്ചെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR