Enter your Email Address to subscribe to our newsletters

Bihar, 12 നവംബര്‍ (H.S.)
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. എന്‍ഡിഎ 121-141 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 98-118 സീറ്റ് വരെ ഇന്ത്യാസഖ്യം നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 1-5 സീറ്റ് വരെ നേടും. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജാതി സമവാക്യങ്ങള്‍ ഏതു മുന്നണിക്ക് ഗുണകരമാകുമെന്നതില്‍ പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ഒബിസി, എസ്സി, ജനറല്‍ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വോട്ട് എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് യാദവ, മുസ്ലീം സമുദായങ്ങളുടെ പിന്തുണ ലഭിക്കും.നിതീഷ് കുമാറിന്റെ 'സദ്ഭരണത്തിന്റെ നായകന്‍' എന്ന വിശേഷണത്തെ ബിഹാര്‍ ജനത അടിവരയിട്ട് അംഗീകരിച്ചെന്നു തന്നെയാണ് സൂചനകള്‍. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് മിന്നും ജയമാണ് പ്രവചിക്കുന്നത്.
എസ്‌ഐആറും വോട്ടുകൊള്ള ആരോപണവുമുയര്‍ന്നതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവനും ബിഹാറിലേക്കായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയും യുവാക്കളെ ലക്ഷ്യമിട്ടുള്ള തേജസ്വി യാദവിന്റെ പ്രചാരണവും ബിഹാറിനെ ഇളക്കിമറിച്ചപ്പോള്‍ എന്‍ഡിഎയുടെ പ്രചാരണം നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിഹാറില്‍ എത്തി. കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ബിഹാറില്‍ തുടര്‍ഭരണത്തിന് മോദി ആഹ്വാനം ചെയ്തത്. 'മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍' പദ്ധതിയിലൂടെ 10,000 രൂപ വീതം ഓരോ സ്ത്രീയുയും അക്കൗണ്ടില്‍ നിക്ഷേപിച്ച നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു.
ഇതിന്റെയെല്ലാം പ്രതിഫലനം തന്നെയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലും കാണുന്നത്. നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിന് ഇടയില്‍ പ്രഖ്യാപിച്ചതും എന്‍ഡിഎക്ക് ഗുണം ആയിട്ടുണ്ട്. ആര്‍ ജെ ഡി നേതൃത്വം നല്‍കുന്ന മഹാബന്ധന്‍ സഖ്യം 100 സീറ്റ് വരെ നേടാമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S