Enter your Email Address to subscribe to our newsletters

Haryana, 12 നവംബര്‍ (H.S.)
ദില്ലി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന വൈറ്റ് കോളര്‍ ഭീകരവാദികളെ കുറിച്ച് അന്വേഷണം ശക്തമാക്കി ഏജന്‍സികള്‍. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുകയാണ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നൗഗാം മേഖലയില്‍ ഒക്ടോബര്‍ പകുതിയോടെ റോഡരികില്‍ ചില പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളായിരുന്നു ഇവ. ജനങ്ങള്‍ സുരക്ഷാ സേനയുമായി സഹകരിച്ചാല്‍ പ്രത്യാഘാതം നേരിടുമെന്നായിരുന്നു ഉര്‍ദുവില്‍ എഴുതിയ പോസ്റ്ററിലെ മുന്നറിയിപ്പ്. ഇവിടെ തുടങ്ങിയ ഗൂഢാലോചനയാണ് ഡല്‍ഹിയിലെ സ്‌ഫോടനം വരെ എത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
നവംബര്‍ 5ന് യുപിയിലെ സഹറന്‍പുരില്‍ നിന്ന് ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് വലിയ പദ്ധതി സംബന്ധിച്ച് വിവരം ലഭിച്ചത്. റാത്തറിനെ ശ്രീനഗറിലെത്തിച്ചു ചോദ്യംചെയ്തപ്പോഴാണ് ഫരീദാബാദിലെ ഡോ. മുസമ്മില്‍ ഷക്കീലിന്റെയും ഡോ. ഷഹീന്‍ സയീദിന്റെയും വിവരം ലഭിക്കുന്നത്. നവംബര്‍ എട്ടിന് ജമ്മു കശ്മീര്‍ പൊലീസ് ഫരീദാബാദിലെത്തി ഹരിയാന പൊലീസിന്റെ സഹായത്തോടെ ഡോ. മുസമ്മില്‍ ഷക്കീലിനെ അറസ്റ്റു ചെയ്തു. അല്‍ഫലാ സര്‍വകലാശാലയിലായിരുന്നു മുസമ്മില്‍ ഷക്കീല്‍ ജോലിചെയ്തിരുന്നത്. ഇയാളെ ശ്രീനഗറിലേക്കു കൊണ്ടുവന്നു. അദീലിന്റെ അനന്ത്‌നാഗിലെ താമസസ്ഥലത്തെ ലോക്കറില്‍ നിന്ന് എകെ47 തോക്ക് ലഭിച്ചു. പിന്നാലെ വലിയ സ്‌ഫോടക ശേഖരം പിടികൂടി. ഇതോടെ പിടിയിലാകും എന്ന് ഭയന്നാണ് സംഘം ഡല്‍ഹിയില്‍ വേഗത്തില്‍ സ്‌ഫോടനം നടത്തിയതെന്നാണ് വിലയിരുത്തല്‍.
---------------
Hindusthan Samachar / Sreejith S