Enter your Email Address to subscribe to our newsletters

New Delhi, 12 നവംബര്‍ (H.S.)
രണ്ടു ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.ഡല്‍ഹി എല്‍എന്‍ജിപി ആശുപത്രിയില്‍ എത്തിയാണ് പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടത്. 20 മിനിറ്റോളം ആശുപത്രിയില്‍ ചിലവഴിച്ച പ്രധാനമന്ത്രി പരിക്കേറ്റവരെ ഓരോരുത്തരുമായി സംസാരിച്ചു. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് പ്രധാനമന്ത്രി ആശുപത്രിവിട്ടത്. ഭൂട്ടാനില്‍ നിന്ന് ഡല്‍ഹി പാലം റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ആശുപത്രിയിലേക്ക് പോകണം എന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉടന്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ ഉത്തരവാദികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരായാലും അവരെ പിടികൂടുക തന്നെ ചെയ്യും. രക്ഷപ്പെടാം എന്ന് ആരും കരുതേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭൂട്ടന്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കുമ്പോള്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഏറെ വേദന നിറഞ്ഞ മനസുമായാണ് ഭൂട്ടാനിലേക്ക് എത്തിയത്. ഡല്‍ഹിയില്‍ നടന്ന ആക്രമണം രാജ്യത്തെ ആകെ വേദനിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കൊപ്പം രാജ്യം ഉണ്ടാകും. രാത്രി തന്നെ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തി. എത്രയും വേഗം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തത വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ ഡോക്ടര്‍മാര്‍ അടക്കം ഉള്‍പ്പെട്ട് വൈറ്റ് കോളര്‍ ഭീകരവാദികളെ കുറിച്ച് അന്വേഷണം ശക്തമാക്കി ഏജന്‍സികള്‍. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുകയാണ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S