Enter your Email Address to subscribe to our newsletters

Kasaragod, 14 നവംബര്‍ (H.S.)
നാലിലാംകണ്ടം ഗവ. യുപി സ്കൂളിന്റെ മുറ്റത്ത് ഇത്തവണയും നെല്ലിക്കയുടെ സമൃദ്ധി. വിളവെടുപ്പ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ ഉത്സവമായി ആഘോഷിച്ചു.
നാല് ക്വിന്റലോളം നെല്ലിക്കയാണ് അഞ്ച് മരങ്ങളില്‍ നിന്നായി വിളവെടുത്തത്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
കഴിഞ്ഞ 20 വർഷമായി ഈ വിദ്യാലയത്തില്‍ നെല്ലിക്ക വിളവെടുപ്പ് പതിവായി നടന്നു വരുന്നു. സ്കൂള്‍ വളപ്പില്‍ പത്തോളം നെല്ലിമരങ്ങളുണ്ട്. ഇത്തവണ ആദ്യഘട്ടത്തില്‍ അഞ്ച് നെല്ലിമരങ്ങളില്‍ നിന്നായി നാല് ക്വിന്റല്‍ നെല്ലിക്ക ലഭിച്ചു. വിളവെടുത്ത നെല്ലിക്ക മുഴുവനായും കുട്ടികള്‍ക്കും നാട്ടുകാർക്കും വിതരണം ചെയ്തു. അഞ്ചര ഏക്കർ വിസ്തൃതിയുള്ള സ്കൂള്‍ വളപ്പില്‍ മൂന്നര ഏക്കറും ജൈവവൈവിധ്യ പഠനകേന്ദ്രമാണ്. നിരവധി ഔഷധസസ്യങ്ങളും മരങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഇതില്‍ 15 സെന്റ് പ്രദേശം സ്വാഭാവിക വനമായി നിലനിർത്തുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുള്ള ഈ ജൈവവൈവിധ്യ പഠനകേന്ദ്രത്തിന് ഇത്തവണ ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്.
വിളവെടുപ്പ് ഉത്സവത്തിന് പ്രധാനാധ്യാപകൻ വി.വി. മാധവൻ, എം.വി. സന്തോഷ്, പി.പി. ജയൻ, വി.വി. മുരളി, മഞ്ജുളാദേവി, വനജ, രാധാമണി എന്നിവർ നേതൃത്വം നല്‍കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR