ബീഹാർ ജനവിധിയെ കേരളവും മാതൃകയാക്കണം: കെ. സുരേന്ദ്രൻ
Thiruvananthapuram, 14 നവംബര്‍ (H.S.) കൊള്ളക്കാരുടെ ഭരണം വേണ്ടെന്ന് തീരുമാനിച്ച ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വര്‍ഗീയ കാര്‍ഡിറക്കിയുള്ള കോണ്‍ഗ്രസ് പ്രചാരണമാണ് ജനം തകര്‍ത്തത്. ന്യൂനപക്ഷ മേഖലകള്
K Surendran


Thiruvananthapuram, 14 നവംബര്‍ (H.S.)

കൊള്ളക്കാരുടെ ഭരണം വേണ്ടെന്ന് തീരുമാനിച്ച ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

വര്‍ഗീയ കാര്‍ഡിറക്കിയുള്ള കോണ്‍ഗ്രസ് പ്രചാരണമാണ് ജനം തകര്‍ത്തത്. ന്യൂനപക്ഷ മേഖലകള്‍ എന്‍ഡിഎയ്ക്ക് ഒപ്പം നിന്നു. മുസ്ലീം ഭൂരിപക്ഷ മേഖലകളിലെല്ലാം മോദി-നിതീഷ് സഖ്യത്തെ ജനങ്ങള്‍ ചേര്‍ത്തുനിര്‍ത്തി.

കേരളത്തിലും എന്‍ഡിഎ ഭരണം വരണമെന്ന സന്ദേശമാണ് ബീഹാര്‍ നല്‍കുന്നതെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യവിരുദ്ധസംഘത്തിനും വളം വയ്ക്കുന്ന രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ബീഹാര്‍ ഫലം.

രാജ്യത്തിനും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിനും എതിരായി രാഹുല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിനും ഇന്‍ഡി സഘ്യത്തിനും ബാധ്യതയായി മാറി. ഭാരതത്തില്‍ ഒരിടത്തും രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായില്ല.

നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മാത്രമാണ് വോട്ട് ചോരി ഏറ്റെടുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശരിയായ പിന്‍ഗാമികള്‍ കേരളത്തിലാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും വിഴുപ്പ് ഭാണ്ഡം ചുമക്കണമോ എന്ന് ചിന്തിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പടെ ആയിരിക്കണക്കിന് കോടിരൂപയാണ് മോദിസര്‍ക്കാര്‍ 10 വര്‍ഷംകൊണ്ട് നല്‍കിയത്. പക്ഷെ എല്‍ഡിഎഫ്, യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു.

കുടി വെള്ള പ്രശ്‌നം പോലും പരിഹരിക്കാന്‍ സാധിച്ചില്ല. ന്യുയോര്‍ക്ക് മേയര്‍ക്ക് പ്രചോദനം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അവകാശവാദം ഉന്നയിക്കുന്ന ആര്യാരാജേന്ദ്രനെ എന്തുകൊണ്ട് തിരുവന്തപുരത്ത് മത്സരിപ്പിക്കുന്നില്ല എന്ന് വ്യക്തമാക്കണം.

സ്ത്രീമുന്നേറ്റമെന്ന് വീമ്പ് പറയുന്ന ഇടത് പക്ഷം പറയുന്നത് മേയറായ ആര്യയെ ഡെപ്യൂട്ടി മേയറാക്കാനാകില്ലെന്നാണ്. മേയര്‍സ്ഥാനം ജനറല്‍ ആണെങ്കില്‍ എന്തുകൊണ്ട് വനിതയെ ആക്കിക്കൂടായെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തിരുവനന്തപുരത്ത് വലിയ തോതിലുള്ള അഴിമതിയും ദുര്‍ഭരണവുമാണ് നടന്നത്. എല്ലാ മേഖലയിലും ദയനീയ പരാജയം. അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വന്നതോടെ ആര്യാരാജേന്ദ്രനെ കോഴിക്കോട്ടേക്ക് നാടുകടത്തുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

പിണറായി ദുര്‍ഭരണം അവസാനിപ്പിച്ച് മോദി മോഡലിനും എന്‍ഡിഎയ്ക്ക് വോട്ട് ഇടാനുള്ള അവസരമാണ് വരാൻ പോകുന്നത്. കേരളത്തില്‍ ഇനിയും എന്‍ഡിഎയിലേക്ക് സംഖ്യകക്ഷികള്‍ വരുമെന്നും മുന്നണി ഘടനയില്‍ വലിയ മാറ്റം വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയന്‍, സംസ്ഥാന മീഡിയ കോ കണ്‍വീനര്‍ ആര്‍.പ്രദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News