Enter your Email Address to subscribe to our newsletters

Ernakulam, 14 നവംബര്‍ (H.S.)
എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍ത്തിരുന്നു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുക. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞദിവസം കോടതി പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. ഇതിൽ 68,000 പേരെ സുരക്ഷയ്ക്കായി മാത്രം വേണം. ഇതിനിടയിൽ എസ്ഐആർ പ്രവർത്തനങ്ങൾക്ക് 25,668 പേരെ വിന്യസിക്കേണ്ടി വരുന്നതിൽ പ്രായോഗിക പ്രശ്നങ്ങള്‍ ഏറെയെന്നാണ് സര്‍ക്കാര്‍ നിലപാട്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേ സമയം നടക്കുന്നത് ഭരണ സ്തംഭനത്തിന് ഇടയാക്കുമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്ഐആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
എന്നാൽ സംസ്ഥാന സര്‍ക്കാരിനെ തള്ളിക്കൊണ്ടായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദങ്ങള്‍. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചപ്പോള്‍, 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഹർജി ദുരുദ്ദേശ്യപരമെന്നായിരുന്നു വാദിച്ചത്. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായി എസ്‌ഐആര്‍ തടസപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു. എന്നാല്‍ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കേണ്ടത് സുപ്രീം കോടതിയില്‍ ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR