Enter your Email Address to subscribe to our newsletters

Kozhikode, 14 നവംബര്‍ (H.S.)
തന്റെ പുതിയ വീട്ടിലേക്ക് കയറി താമസിക്കുമ്ബോള്‍ ഭിന്നശേഷിക്കാരായ യുവതിയുടെയും യുവാവിന്റെയും വിവാഹവും നടത്തി മലബാർ ഗോള്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ.ഫൈസല്‍. കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റില്‍ ഫൈസലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തോടൊപ്പമാണ് അൻസീറിന്റെയും നസീമയുടെയും വിവാഹം നടന്നത്. ചടങ്ങിനോടനുബന്ധിച്ച് ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള റോഷി സ്‌കൂളിലെ പത്ത് കുടുംബങ്ങളെയും ഫൈസല്‍ ഏറ്റെടുക്കുകയും ഒരു കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചു നല്‍കുന്നതിനുള്ള രേഖകളും കൈമാറുകയും ചെയ്തു.
നമ്മള്‍ ഒടുവില്‍ ഇവിടെനിന്ന് പോകുമെന്നും പക്ഷേ പിന്നെ ശേഷിക്കുന്നത് സ്‌നേഹമാണെന്നും ഫൈസല്‍ പറയുന്നു. തന്റെ മക്കളുടെ വിവാഹത്തേക്കാള്‍ സന്തോഷം നല്‍കിയ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു പറയുമ്ബോള്‍ ഫൈസലിന്റെ അരികില്‍ സന്തോഷംനിറഞ്ഞ കണ്ണുകളോടെ വധുവായ നസീമയും വരനായ അൻസീരുമുണ്ടായിരുന്നു. തനിക്കൊപ്പം നില്‍ക്കുന്നവർക്ക് ഒരു തണല്‍ കൂടി നല്‍കണമെന്ന ചിന്തയാണ് ഫൈസലിന്റെ ഈ കാരുണ്യ പ്രവർത്തനത്തിന് പിന്നില്‍.
മോട്ടിവേഷണല്‍ സ്പീക്കറായ നസീമയും ദുബായിലെ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന അൻസീറും കണ്ണൂർ സ്വദേശികളാണ്. പാണക്കാട് മുനവ്വറലി തങ്ങളുടെ കാർമ്മികത്വത്തിലായിരുന്നു വിവാഹചടങ്ങുകള്‍. ഇത്ര വലിയ നന്മ ചെയ്യാൻ അദ്ദേഹത്തിന് ഇനി കൂടുതല്‍ ശക്തി ലഭിക്കട്ടെ എന്നായിരുന്നു നസീമയുടെ പ്രതികരണം.
ഓട്ടോറിക്ഷ മേല്‍ക്കൂരയാക്കി താമസിക്കേണ്ടിവന്ന അനില്‍കുമാർ-രമ്യ ദമ്ബതികള്‍ക്കാണ് ഫൈസല്‍ സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നല്‍കുക. പുതിയ വീട് പൂർത്തിയാകുന്നത് വരെ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസസൗകര്യം ഒരുക്കി. റോഷി സ്‌കൂളിലെ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ഇനി ഫൈസല്‍ ഏറ്റെടുക്കും. വർഷംതോറും 10 ലക്ഷം രൂപ ട്രസ്റ്റിന് നല്‍കുന്ന പതിവിന്റെ ചെക്ക് ഡോ. യഹ്യ ഖാൻ ഏറ്റുവാങ്ങി.
മലബാർ ഗോള്‍ഡ് ചെയർമാൻ എം.പി. അഹമ്മദ്, പാണക്കാട് ബഷീറലി തങ്ങള്‍, സ്വാമി ഗുരുരത്‌ന ജ്ഞാനതപസ്വി, മോണ്‍. ജെൻസണ്‍ പുത്തൻവീട്ടില്‍, കൈതപ്രം ദാമോദരൻ നമ്ബൂതിരി, എ.കെ. ഷാജി, മെഹറൂഫ് മണലൊടി, അക്ബർ അലി ഖാൻ, എം.കെ. സിറാജ്, ടി.പി. അബ്ദുള്ള, എ.കെ. ഹസ്സൻകുട്ടി, അംബികാ രമേഷ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേർന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR