പുല്‍പ്പള്ളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം; ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Wayanad, 14 നവംബര്‍ (H.S.) വയനാട് പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സർജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദി
Pulppalli


Wayanad, 14 നവംബര്‍ (H.S.)

വയനാട് പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സർജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സംഭവശേഷം ഒളിവില്‍ പോയ പുല്‍പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്ബ് മംഗലത്ത് പി.ആര്‍. രാജീവ് (31) എന്നിവരാണ് പിടിയിലായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും, സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബി.എന്‍.എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്. അമല്‍ ചാക്കോ പുല്‍പള്ളി സ്റ്റേഷനില്‍ അതിക്രമിച്ച്‌ കടന്ന് അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ അഞ്ച് കേസുകളിലും രാജീവ് പുല്‍പള്ളി മീനങ്ങാടി സ്റ്റേഷനുകളില്‍ എന്‍.ഡി.പി.എസ്, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങി അഞ്ച് കേസുകളിലും പ്രതികളാണ്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരുകയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപ്പിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല്‍ കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ചു തിരിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. അതേസമയം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം പതിവായിട്ടും നടപടി എടുക്കുന്നില്ലെന്ന് മർദനമേറ്റ ഡോക്ടർ ജിതിൻ രാജ് പറഞ്ഞു.

കൈയ്ക്ക് പൊട്ടലുമായി ഡോക്ടർ ചികിത്സയിലാണ്. ഒപിയിലുള്ള വനിതാ ഡോക്ടറോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജീപ്പിലെത്തിയ രണ്ടുപേർ ചേർന്ന് ഡോക്ടർ ജിതിൻ രാജിനെ മർദിച്ചത്. ആശുപത്രിക്ക് പുറത്തെ പാർക്കിങ് ഏരിയയില്‍ വച്ച്‌ ബൈക്ക് എടുക്കുന്നതിടെ ആണ് അസഭ്യവർഷവും അക്രമണവും ഉണ്ടായത്. മർദനത്തില്‍ കൈയ്ക്ക് പൊട്ടലുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഡോക്ടർ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News