ബിഹാര്‍ തിരഞ്ഞെടുപ്പ്; എന്‍ഡിഎ വലിയ തോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചു’ എംഎ ബേബി
Newdelhi , 14 നവംബര്‍ (H.S.) ന്യൂഡൽഹി: വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആരോപിച്ചു . ഇ
ബിഹാര്‍ തിരഞ്ഞെടുപ്പ്; എന്‍ഡിഎ വലിയ തോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചു’ എംഎ ബേബി


Newdelhi , 14 നവംബര്‍ (H.S.)

ന്യൂഡൽഹി: വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആരോപിച്ചു . ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തെല്ലാം ഘടകങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു എന്നത് സ്വയം വിമര്‍ശനപരമായി മഹാസഖ്യം പരിശോധിക്കും. തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുകൊണ്ട് കൂടുതല്‍ ശക്തിയോടെ ജനങ്ങളെ സമീപിച്ച് അവരെ അണിനിരത്തി മുന്നോട്ട് പോവുക എന്നത് തന്നെയാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട സമീപനം – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വലിയ തകര്‍ച്ചയാണ് ബിഹാറില്‍ മഹാസഖ്യം നേരിട്ടത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ പകുതി സീറ്റുകളില്‍ പോലും RJD യ്ക്ക് വിജയിക്കാനായില്ല. അറുപത്തിയൊന്ന് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി.

സൗഹൃദമത്സരമെന്ന നിലയില്‍ പന്ത്രണ്ട് സീറ്റുകളിലാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ സികാന്ദ്ര, കര്‍ഗാഹര്‍ മണ്ഡലങ്ങളില്‍ ഒഴികെ എന്‍ഡിഎ അനായാസ ജയം നേടി. കഴിഞ്ഞ തവണ എഴുപതില്‍ 19ല്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന് ഇക്കുറി ആഘാതം ഇരട്ടിയായി. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടക്കം പോലും കടന്നില്ല.

ഇടതുപക്ഷ പാർട്ടികളുടെയും അവസ്ഥ വിഭിന്നമല്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി. മത്സരിച്ച 33 സീറ്റുകളിൽ ഏതാനും സീറ്റുകളിൽ മാത്രമാണ് ഇടതുപാർട്ടികൾക്ക് മുന്നേറാനായത്. 2020 ലെ തിരഞ്ഞെടുപ്പിൽ, മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. മൊത്തം മത്സരിച്ച സീറ്റുകളിൽ 29 സീറ്റുകളിൽ 16 എണ്ണത്തിലാണ് ഇടതുപക്ഷം അന്ന് വിജയിച്ചത്. 55 ശതമാനമായിരുന്നു അന്നത്തെ സ്‌ട്രൈക്ക് റേറ്റ്.

2020ൽ 12 ഇടങ്ങളിൽ സി പി ഐ എം എൽ ലിബറേഷൻ ആയിരുന്നു വിജയിച്ചതെങ്കിൽ സി പി ഐ എമ്മിനും സി പി ഐയ്ക്കും രണ്ടു വീതം മണ്ഡലങ്ങളിലാണ് വിജയിക്കാനായത്. ഇത്തവണ ഇടതുപാർട്ടികൾ 33 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഏതാനും സീറ്റുകളിൽ മാത്രമേ മുന്നേറാനായുള്ളു.

സീറ്റ് വിഭജനത്തിലുണ്ടായ തർക്കങ്ങളും ഇടതുപക്ഷത്തിന് സ്വാധീനമുള്ള പല മണ്ഡലങ്ങളും കോൺഗ്രസും ആർ ജെ ഡിയും അവകാശപ്പെട്ടതുമാണ് ഇടതിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപിച്ചത്. ചിലയിടങ്ങളിൽ ആർ ജെ ഡി സ്ഥാനാർഥികൾ ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ സൗഹൃദമത്സരത്തിനിറങ്ങിയതും വിനയായി.

---------------

Hindusthan Samachar / Roshith K


Latest News