Enter your Email Address to subscribe to our newsletters

New delhi, 14 നവംബര്‍ (H.S.)
ബിഹാറിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയുമാണ് തിരുവനന്തപുരം എംപിയുടെ രീതി. അതേ രീതിയില്‍ ബിഹാറില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ശശി തരൂര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. പരാജയം സംബന്ധിച്ച് മറുപടി പറയാന്‍ ഇവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരുകളെ തടയാനും കഴിയില്ല. അത് മനസിലാക്കി പ്രചരണം വേണമായിരുന്നു. താന്‍ ബിഹാറില്‍ പോയിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
വര്‍ക്കിങ് കമ്മറ്റിയംഗമായിട്ടും ബിഹാറിലേക്ക് അടുപ്പിക്കാതിരുന്നതിന്റെ അമര്‍ഷം കൂടിയാണ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ തരൂരിന്റെ ഈ നീക്കം കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് തന്നെയാണ്. കുറച്ച് നാളായി നെഹറു കുടുംബത്തെ വിമര്‍ശിച്ചും എല്‍കെ അദ്വാനിയുടെ രഥയാത്രയെ അടക്കം പ്രശംസിച്ചുമാണ് തരൂരിന്റെ മുന്നോട്ടുള്ള പോക്ക്. ബിജെപിയിലേക്ക് രക്തസാക്ഷി പരിവേഷത്തില്‍ പോകാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
---------------
Hindusthan Samachar / Sreejith S