Enter your Email Address to subscribe to our newsletters

Kochi, 14 നവംബര്‍ (H.S.)
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് കൊച്ചി ഡെപ്യൂട്ടി മേയർ പാർട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെ എ അൻസിയയാണ് സിപിഐയിൽ നിന്ന് രാജിവച്ചത്. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ കൗൺസിലറാണ് അൻസിയ.
പാർട്ടി അംഗത്വത്തിനൊപ്പം മഹിളാ സംഘം സെക്രട്ടറി പദവി ഉൾപ്പെടെയുള്ള എല്ലാ ബഹുജന സംഘടനകളിലെ സ്ഥാനങ്ങളും അവർ രാജിവെക്കുന്നതായി വ്യക്തമാക്കി. കോർപ്പറേഷൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് എറണാകുളം സി.പി.ഐയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച രാഷ്ട്രീയ നീക്കം
വർഷങ്ങളായി മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷനിൽ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ലീഗിന്റെ അപ്രമാദിത്വം തകർത്ത് വിജയിച്ച സ്ഥാനാർഥിയാണ് ആൻസിയ. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഈ രാജി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
രാജിവച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അൻസിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. . ലീഗിന്റെ കോട്ടയിൽ നിന്നാണ് ജയിച്ചുവന്നത്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നില്ല. അൻസിയ വ്യക്തമാക്കി.
ആറാം ഡിവിഷനാണ് ഇത്തവണ സിപിഐയുടെ സീറ്റ്. മത്സരിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞതാണ്. മഹിളാ സംഘത്തിൽ നന്നായി പ്രവർത്തിക്കുന്ന രണ്ടുപേരുടെ പേരുകൾ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, അർഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നത്. പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങിപോയി. പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത ആളാണ് നിലവിലെ സ്ഥാനാർത്ഥി'-അൻസിയ പറഞ്ഞു.
---------------
Hindusthan Samachar / Roshith K