Enter your Email Address to subscribe to our newsletters

Kochi, 14 നവംബര്‍ (H.S.)
കൊച്ചി: ശബരിമല സ്വർണക്കൊളളക്കേസിലെ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ചൊവ്വാഴ്ച വരെയാണ് വിലക്ക്. പ്രത്യേക അന്വേഷണ സംഘം ജയശ്രീയെ അറസ്റ്റുചെയ്യാൻ നീക്കം നടത്തിയതിനുപിന്നാലെയാണ് നടപടി.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണ് താനെന്നും ജയശ്രീ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്. ഹര്‍ജിയിൽ പ്രാഥമിക വാദം കേട്ട സിംഗിൾ ബെഞ്ച് അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.ജയശ്രീ ദേവസ്വം ബോർഡ് മിനിട്സ് തിരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചെമ്പുപാളികൾ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണമെന്നായിരുന്നു ജയശ്രീ മിനിട്സിൽ എഴുതിയത്. ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ജയശ്രീ ചെമ്പ് പൂശിയതാണെന്ന് രേഖപ്പെടുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
2017 ജൂലായ് മുതൽ 2019 ഡിസംബർ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനുശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചു.ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ മാത്രമായിരുന്നു താനെന്നും സ്വർണക്കൊളളയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീയുടെ വാദം.
---------------
Hindusthan Samachar / Roshith K