Enter your Email Address to subscribe to our newsletters

New delhi, 9 ഡിസംബര്‍ (H.S.)
മുന്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ദില്ലിയിലെ കര്‍കര്‍ദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാള്‍ ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് രാകേഷ് കിഷോര്‍ ജസ്റ്റിസ് ഗവായ്‌ക്കെതിരെ ഷൂ എറിഞ്ഞത്. ഒന്നാം നമ്പര്‍ കോടതിയില്‍ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സുപ്രീം കോടതി അഭിഭാഷകര്‍ക്ക് നല്‍കിയ പ്രോക്‌സിമിറ്റി കാര്‍ഡ് ഉപയോഗിച്ച് രാകേഷ് കിഷോര്‍ പെട്ടെന്ന് തന്റെ ഷൂ ഊരി ബെഞ്ചിലേക്ക് എറിയുകയായിരുന്നു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
സംഭവത്തെ മറന്നുപോയ അധ്യായമെന്നാണ് പിന്നീട് ജസ്റ്റിസ് ഗവായ് പറഞ്ഞത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നത്. തുറന്ന കോടതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവിച്ചതില്‍ ഞാനും എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകനും ഞെട്ടിപ്പോയി. ഞങ്ങള്‍ക്ക് അത് മറന്നുപോയ ഒരു അധ്യായമാണെന്നായിരുന്നു അഭിപ്രായ പ്രകടനം.
---------------
Hindusthan Samachar / Sreejith S