Enter your Email Address to subscribe to our newsletters

Kochi, 9 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസിലെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് സര്‍ക്കാരിന് വേറെ പണിയില്ലാത്തതു കൊണ്ടല്ല, അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതാണ് സര്‍ക്കാരിന്റെ കടമ.
'ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഒരിക്കലും അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കില്ല, വേട്ടക്കാര്‍ക്കൊപ്പമായിരിക്കും' എന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്.
അടൂര്‍ പ്രകാശിന്റെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന പി.ടി. തോമസാണ് നടിക്കൊപ്പം നിന്നത് എന്ന കാര്യം അദ്ദേഹം മറന്നു പോയി. ഒപ്പമുണ്ടെന്ന് അദ്ദേഹം നല്‍കിയ ധൈര്യത്തിലാണ് നടി കേസുമായി മുന്നോട്ട് പോയത്. ആ യുഡിഎഫിന്റെ കണ്‍വീനറാണ് അടൂര്‍ പ്രകാശ്.
ദിലീപ് അടുത്ത സുഹൃത്താണെന്നും അടൂര്‍ പ്രകാശ് പറയുന്നുണ്ട്. പല രീതിയിലും തന്റെ സ്വാധീനവും പണവും ഉപയോഗിച്ച് താത്കാലികമായി രക്ഷപ്പെട്ട ദിലീപുമായി അടുപ്പമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
താങ്കള്‍ക്ക് അതിജീവിതയെ അറിയില്ല. അതിജീവിതമാര്‍ എന്താണ് അനുഭവിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല. അതറിയണമെങ്കില്‍ പെണ്‍മക്കളോട് അല്‍പമെങ്കിലും സ്‌നേഹമുണ്ടാകണം. പെണ്‍മക്കളുള്ള ഒരു മാതാപിതാക്കളും താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കില്ല.
വേട്ടക്കാര്‍ രക്ഷപ്പെടുന്നത് താങ്കളെ പോലുള്ളവരുടെ സ്വാധീനം മൂലമാണെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതില്‍ സന്തോഷമുണ്ട്. താങ്കളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഒരു അതിജീവിതമാര്‍ക്കും നീതി കിട്ടാന്‍ പോകുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.
താങ്കളുടെ പാര്‍ട്ടിയിലുള്ള പുരുഷന്മാരെ കുറിച്ചും ചില കഥകള്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ടല്ലോ. ആരും ഒപ്പം നില്‍ക്കാന്‍ പോകുന്നില്ലെന്ന് ഉമ തോമസ്, കെ.കെ. രമ, ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള വനിതാ നേതാക്കള്‍ അറിഞ്ഞിരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവെക്കുന്നതായും ഭാഗ്യലക്ഷ്മി അറിയിച്ചു. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR