Enter your Email Address to subscribe to our newsletters

Kerala, 9 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസൻ പറഞ്ഞു. കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K