Enter your Email Address to subscribe to our newsletters

Kozhikode, 9 ഡിസംബര്‍ (H.S.)
അന്യപുരുഷന്മാർക്കിടയിൽ പൊതുപ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്ബോളും കലാപരിപാടികളും നടത്താനും സുന്നി പെൺകുട്ടികളെ കിട്ടില്ലെന്ന് സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. ഖുർആൻ നിർദ്ദേശിച്ചത് പോലെ അവർ വീട്ടിലിരിക്കും. മതചിട്ടകൾ അനുസരിച്ച് ആവശ്യത്തിന് പുറത്തുപോകുമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു.
ഹോർത്തൂസ് വേദിയിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ മകൾ മുസ്‍ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിന് പിന്നാലെയാണ് വിവാദ വിശദീകരണം .മകളുടെ പരാമർശത്തെ മുനവറലി തങ്ങൾ തിരുത്തിയതിനെതിരെ മുജാഹിദ് വിഭാഗം വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവിൻ്റെ വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..
കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരോട്...
മനോരമയുടെ ഹോർത്തൂസ് വേദിയിൽ വന്ന 50 മിനിറ്റ് നീണ്ടുനിൽക്കുന്ന അഭിമുഖം കണ്ടു. അഭിമുഖത്തിലെ സ്ത്രീ പള്ളി പ്രവേശം തിരുത്തപ്പെട്ടതിനെതിരെ മുജാഹിദ് നേതാക്കൾ രംഗത്ത് വരികയും നൈസായി മുസ്ലിം സ്ത്രീകളെ പള്ളിയിൽ കൊണ്ടുപോകുന്നതിന് തെളിവ് ഉണ്ടാക്കാൻ വിഫലശ്രമം നടത്തുകയും ചെയ്യുന്നു.
1. സ്ത്രീ പള്ളി പ്രവേശം എന്ന ചർച്ച ഖുർആനിലോ ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ലേ ഇല്ല. ആണിനും പെണ്ണിനും പള്ളിയിൽ ഒരുപോലെ പ്രവേശിക്കാവുന്നതാണ്. വെള്ളിയാഴ്ചയിലെ പ്രാർത്ഥനക്കും അഞ്ചു നേരത്തെ സംഘടിത നമസ്കാരത്തിനുംസ്ത്രീകൾ പള്ളിയിൽ പോകേണ്ടവരല്ലെന്നും അവർ വീട്ടിൽ വച്ച് നിസ്കരിക്കുകയാണ് വേണ്ടതെന്നും ഖുർആനും തിരുനബി (സ)യും പഠിപ്പിക്കുന്നു. ചില ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ഇല്ലാത്തതു പോലെ മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിക്കാൻ അനുവദിക്കാത്തവരാണ് സുന്നികൾ എന്ന് വരുത്തി തീർക്കാൻ നടത്തുന്ന നിഗൂഢമായ നീക്കവും വ്യാജ പ്രചരണവും ആണ് സ്ത്രീ പള്ളി പ്രവേശ വിവാദം.
2. അറബി ഇസ്ലാമിക രാജ്യങ്ങളിലും വളരെ അപൂർവ്വം പള്ളികളിലാണ് സ്ത്രീകൾ നിസ്കാരത്തിനായി വരുന്നത്.
3. ന്യൂജൻ പെൺകുട്ടികളെ വീട്ടിൽ കെട്ടിയിടാൻ ഇനി കിട്ടില്ല പോൽ..!
അന്യപുരുഷന്മാർക്കിടയിൽ പൊതുപ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്ബോളും കലാപരിപാടികളും നടത്താൻ സുന്നി പെൺകുട്ടികളെ കിട്ടില്ല. ഖുർആൻ നിർദ്ദേശിച്ചത് പോലെ അവർ വീട്ടിലിരിക്കും. മതചിട്ടകൾ അനുസരിച്ച് ആവശ്യത്തിന് പുറത്തുപോകും. പക്ഷേ കാലിൽ കെട്ട് ഉണ്ടാകില്ലെന്ന് മാത്രം.
4. ആണിനും പെണ്ണിനും ഇടയിൽ വേർതിരിവില്ലാതെ മുഖം മറക്കാതെ പ്രബോധന മേഖലകളിൽ പോലും ഒരുമിച്ചിരിക്കുകയും കളിയും ചിരിയും തമാശയുമായി കഴിഞ്ഞു കൂടുകയും ചെയ്യുന്ന മുജാഹിദ് സംസ്ക്കാരത്തിതിരെ അവരിലെ തന്നെ മതം പഠിച്ച പെൺകുട്ടികൾ രംഗത്ത് വന്നത് സ്വലാഹി അറിഞ്ഞിട്ടില്ലേ..?
5. മുജാഹിദുകൾക്കിടയിലെഏറ്റവും വലിയ വിഭാഗം തങ്ങളുടെ സ്ത്രീകളോട് മുഖവും മുൻകയ്യും മറക്കാനും പാരമ്പര്യമായി മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച രീതികളിൽ മാറ്റം വരുത്താനും തീരുമാനിച്ചിരിക്കുന്നു.അവർ അത് നടപ്പിലാക്കുകയും ചെയ്തു.
6. അഭിമുഖം പൂർണമായും കേട്ടു. ഒന്നുകൂടി വിഷയങ്ങൾ നന്നായി പഠിക്കേണ്ടതായിരുന്നു എന്ന് തോന്നി. പഠിപ്പിച്ച അധ്യാപകരുടെ കുഴപ്പമാണെങ്കിലും മറ്റു സാഹചര്യങ്ങളാണെങ്കിലും ദീനി വിഷയങ്ങൾ കൂടുതൽ പഠിക്കണമെന്ന് സ്നേഹപൂർവ്വം ഉണർത്തുന്നു.
7. പുതു തലമുറയിലെ ആൺകുട്ടികളോടും പെൺകുട്ടികളോടും. ഇസ്ലാമിക നിയമങ്ങളിൽ മാറ്റമില്ല. നിരന്തരം മത നിയമങ്ങളിൽ മാറ്റം വരുത്തുന്ന മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളും ലിബറലിസ്റ്റുകളും നൽകുന്ന പ്രോത്സാഹനങ്ങൾ കേട്ട് പാരമ്പര്യമാർഗത്തിൽ നിന്ന് പിന്മാറരുത്. ഇസ്ലാം നന്നായി പഠിക്കുക. അല്ലാഹുവിൻറെ യും തിരുദൂതരുടെയും സംതൃപ്തി നേടാൻ അത് മാത്രമാണ് വഴി.അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR