Enter your Email Address to subscribe to our newsletters

Kochi, 9 ഡിസംബര്‍ (H.S.)
സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്ന് രാജിവച്ചതിൽ വിശദീകരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘടന എന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറഞ്ഞതിൽ അഭിമാനമായിരുന്നു. താനും കൂടി ചേർന്ന് രൂപികരിച്ചതാണ് ഫെഫ്ക. 7000ത്തോളം അംഗങ്ങൾ ഉള്ള ഫെഫ്ക അതിജീവിതയ്ക്ക് ഒപ്പം നിൽക്കുക എന്നത് ആശ്വാസമായിരുന്നു. എന്നാൽ വിധി വന്നതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ ശ്രമത്തിൽ പ്രതിഷേധിച്ചാണ് എൻ്റെ രാജിയെന്നും എന്റെ പ്രതിഷേധം ഇങ്ങനെ രേഖപ്പെടുത്താനാണ് തോന്നിയതെന്നും ഭാഗ്യലക്ഷ്മി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അവളോടൊപ്പം നിന്നത് സമൂഹം മാത്രമാണ്. അയാളോടൊപ്പം വളരെ ചെറിയ ഒരു വിഭാഗം മാത്രമേ നിന്നുള്ളു. പ്രതീക്ഷ ഉണ്ടായിരുന്നു അവൾക്ക്. തകർന്ന് പോകരുതെന്ന് കരുതിയാണ് അങ്ങോട്ട് പോയത്. വളരെ വിഷമത്തിലാണ് അവൾ ഇപ്പോഴും. ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. നീതി കിട്ടിയില്ല എന്ന് പൂർണമായും അവൾ വിശ്വസിക്കുന്നു. രണ്ട് മണിക്കൂർ ആ തെരുവിൽ അനുഭവിച്ചതിൽ കൂടുതൽ കോടതിയിൽ അനുഭവിച്ചു. ഓരോ നിമിഷവും അവളുടെ ഭർത്താവ് വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഉണ്ടല്ലോ നിന്റെ കൂടെ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. അവളെപ്പോഴും കരയണമെന്നാണ് വേട്ടക്കാരൻ കരുതുന്നത്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
താര സംഘടനയായ അമ്മയ്ക്കെതിരെയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. ഇത് സംഭവിച്ചപ്പോൾ അവൾക്ക് വേണ്ടി യോഗം ചേർന്നില്ല. ഇന്നലെ അടിയന്തര യോഗം ചേർന്നു. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ച് നിൽക്കാനാവുന്നു എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. പണമാണ് ദിലീപിന് ലഭിക്കുന്ന പ്രിവിലേജിന് കാരണം. എല്ലാ സംഘടനയിലും ദിലീപ് മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. ദിലീപിനെ അവർക്ക് ആവിശ്യം ഉണ്ട്. അയാൾക്ക് പണവും അധികാരവും ഉണ്ട്. അവൾക്ക് പണവും ഇല്ല അധികാരവും ഇല്ല. മഞ്ജു വാര്യർ, സംയുക്ത മേനോൻ ഉൾപ്പടെയുള്ളവർ ഇന്നലെ വിളിച്ചു. മഞ്ജുവിനോട് സൂക്ഷിക്കണം എന്ന് നേരത്തെയും പറഞ്ഞതാണ്. ഇപ്പോഴും അത് തന്നെ പറയുന്നുവെന്നും ഭാഗ്യലക്ഷ്മി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR