Enter your Email Address to subscribe to our newsletters

Thiruvanathapuram, 9 ഡിസംബര്‍ (H.S.)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിച്ച് പറഞ്ഞ വാദങ്ങള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കോടതിവിധിക്ക് പിന്നാലെ നടന്‍ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിവാദമായ പശ്ചാത്തിലാണ് നടപടി. താന്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് മാധ്യമങ്ങള്‍ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും ഒരു വശം മാത്രമാണ് നല്‍കിയതെന്നും വിമര്‍ശിച്ചു.
'താന്‍ എന്നും അതിജീവിതക്കൊപ്പമാണ്. എന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ നല്‍കിയത്. ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍,' അടൂര്‍ പ്രകാശ് വ്യക്തമാക്കി. നീതി എല്ലാവര്‍ക്കും കിട്ടണം എന്ന രീതിയില്‍ താന്‍ നടത്തിയ പൊതു പരാമര്‍ശമാണ് ദിലീപിനുള്ള പിന്തുണയായി തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് വിശദീകരണം. കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച നിലപാടിലും അടൂര്‍ പ്രകാശ് മലക്കം മറിഞ്ഞു.
ദിലീപിന് നീതി ലഭിച്ചുവെന്നാണ് തന്റെ അഭിപ്രായമെന്നായിരുന്നു ആദ്യം പറഞ്ഞത് ദിലീപിന് നീതി കിട്ടി എന്നാണ് എന്റെ പക്ഷം. വ്യക്തിപരമായി എനിക്ക് സന്തോഷമുണ്ട്. നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചു എന്നാണ് എന്റെ അഭിപ്രായം,' അടൂര്‍ പ്രകാശ് പ്രതികരിച്ചു.
ഒരു കലാകാരന്‍ എന്നതിലുപരി ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തികൂടിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അടൂര്‍ പ്രകാശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. 'സര്‍ക്കാര്‍ അപ്പീലിന് പോകും, മറ്റ് പണിയൊന്നും ഇല്ലല്ലോ. ആരെ ദ്രോഹിക്കാന്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്,' അദ്ദേഹം കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S