Enter your Email Address to subscribe to our newsletters

Thiruvanathapuram, 9 ഡിസംബര്‍ (H.S.)
30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്‌കെ) ലാറ്റിനമേരിക്കന്‍ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങള്‍. അന്താരാഷ്ട്ര മേളകളില്‍ അംഗീകാരം നേടിയ ഈ സിനിമകള്‍ മലയാളികള്‍ക്ക് പ്രിയങ്കരമായ ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്നവയാണ്.
അര്‍ജന്റീനന്‍ സംവിധായിക ലോറ കസബെയുടെ 'ദി വിര്‍ജിന്‍ ഓഫ് ദി ക്വാറി ലേക്ക്' ആണ് ഈ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണം. 2001ല്‍ അര്‍ജന്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്ന കമിങ് ഓഫ് ഏജ് ഹൊറര്‍ ചിത്രമാണിത്. ചിത്രം സണ്‍ഡാന്‍സ് ചലച്ചിത്രമേളയിലും 26-ാമത് ബിഎഎഫ്‌ഐസിഐ ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുകയും ഗ്രാന്‍ഡ് ജൂറി പ്രൈസ് നേടുകയും ചെയ്തു.
പെറു സംവിധായകന്‍ ഫ്രാന്‍സിസ്‌കോ ജെ ലൊംബാര്‍ഡിയുടെ 'ഇന്‍സൈഡ് ദി വുള്‍ഫ്' (എല്‍ കോറസോണ്‍ ഡല്‍ ലോബോ) ആമസോണ്‍ വനമേഖലയില്‍ സംഭവിക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
സായുധ, ഗറില്ല സംഘടനയായ 'ഷൈനിംഗ് പാത്ത്' തട്ടിക്കൊണ്ടുപോയ അക്വിലസ് എന്ന ആമസോണിലെ ആദിവാസി ബാലന്റെ അതിജീവനവും സ്വത്വബോധത്തിനായുള്ള പോരാട്ടവുമാണ് പ്രമേയം.
സ്വത്വം, കുടിയേറ്റം, കുടുംബബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് സിസിലിയാ കാങ്ഗിന്റെ 'എല്‍ഡര്‍ സണ്‍'. കൊറിയന്‍-അര്‍ജന്റീനിയന്‍ വംശജയായ ലീല എന്ന യുവതിയുടെ സ്വത്വ പ്രതിസന്ധിയും, 18 വര്‍ഷം മുമ്പ് പുതിയ സ്വപ്നം തേടി ലാറ്റിനമേരിക്കയില്‍ എത്തിയ അവളുടെ അച്ഛന്റെ ഭൂതകാലവുമാണ് ഇതില്‍ മാറിമാറി വരുന്നത്. ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
ലൂസിയാന പിയാന്റാനിഡയുടെ 'ഓള്‍ ദി സ്ട്രെങ്ത്' എന്ന ചിത്രം, തന്റെ കഴിവുകള്‍ സൂപ്പര്‍ പവറുകളായി വികസിപ്പിച്ചെടുത്ത സ്ത്രീകളെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്ന മാര്‍ലിന്‍ എന്ന യുവതിയുടെ കഥയാണ്. 26-ാമത് ബിഎഎഫ്‌ഐസിഐ ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം നേടി.
വെറോണിക്ക പെറോട്ടയുടെ 'ക്യുമാഡുറ ചൈന'യും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സാമൂഹികവും രാഷ്ട്രീയവും വൈകാരികവുമായ ഭൂമികകളെക്കുറിച്ചുള്ള ശക്തമായ കാഴ്ചകള്‍ ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കും.
---------------
Hindusthan Samachar / Sreejith S