Enter your Email Address to subscribe to our newsletters

Kerala, 9 ഡിസംബര്‍ (H.S.)
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ വിശ്വസിക്കുന്നുവെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് പ്രതിയാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു . അതേസമയം, അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നും താരം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഷാരടി.
നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്. ഈ രണ്ട് നീതികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന വിധി കോടതിയിൽ നിന്ന് വരണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂ. അദ്ദേഹം കൂട്ടിച്ചേർത്തു.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണ്. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ല. എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്.
---------------
Hindusthan Samachar / Roshith K