Enter your Email Address to subscribe to our newsletters

Thiruvanathapuram, 9 ഡിസംബര്‍ (H.S.)
തിരഞ്ഞെടുപ്പ് ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു. വിഷയം ഗൗരവതരമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍, തുടര്‍നടപടികള്‍ക്കായി സൈബര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ആര്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേകള്‍ പ്രസിദ്ധീകരിക്കുന്നത് സുപ്രീം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഈ ചട്ടങ്ങള്‍ നിലനില്‍ക്കെയാണ് ശ്രീലേഖയുടെ ഭാഗത്ത് നിന്ന് ചട്ടലംഘനം ഉണ്ടായത്. വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നും പ്രവചിക്കുന്ന സ്വകാര്യ സര്‍വേ ഫലമാണ് ആര്‍ ശ്രീലേഖ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മാധ്യമവാര്‍ത്തകളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഈ വിഷയം എത്തിയതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിക്കെതിരെ നടപടി ഉണ്ടായത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് നേരത്തേയും ആര്‍. ശ്രീലേഖ വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്ററുകളില്‍ പേരിനൊപ്പം 'ഐപിഎസ്' എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചത് ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S