Enter your Email Address to subscribe to our newsletters

Alappuzha, 9 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആ രോഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അയ്യപ്പനോട് കളിച്ചവരാരും രക്ഷപ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ യുഡിഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടാന്‍ പോവുകയാണ്. 2010-ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തോളം പഞ്ചായത്തുകളിലും അന്ന് യുഡിഎഫ് വിജയിച്ചു. 2025-ല്‍ അതിനേക്കാള്‍ വലിയ വിജയം ഉണ്ടാകാന്‍ പോവുകയാണ്. ശബരിമലയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനോടും സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവരോടും വലിയ പ്രതിഷേധത്തിലാണ്.' ചെന്നിത്തല പറഞ്ഞു.
'ശബരിമലയില്‍ കൊള്ള നടത്തിയവര്‍ ഇനിയും അറസ്റ്റിലാവാനുണ്ട്. എന്നാല്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അയ്യപ്പനോട് കളിച്ചിട്ടുള്ളവരാരും രക്ഷപ്പെട്ടിട്ടില്ല. കേസില്‍ ഉന്നതര്‍ ഇനിയും അറസ്റ്റിലാവാനുണ്ട്. അവര്‍ എത്ര വലിയവരാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടിവരും. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ സംഭവമാണിത്.' അദ്ദേഹം ആരോപിച്ചു.
ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ഡിസംബര്‍ പത്ത് ബുധനാഴ്ച രാവിലെ 11 മണിയോടെ തനിക്ക് ലഭ്യമായ എല്ലാ വിവരങ്ങളും എസ്ഐടിക്ക് കൈമാറുമെന്നും ചെന്നിത്തല പറഞ്ഞു. 'എനിക്ക് കിട്ടിയ വിവരങ്ങള്‍ ബുധനാഴ്ച എസ്ഐടിയുമായി പങ്കുവെക്കും.' അദ്ദേഹം വ്യക്തമാക്കി.
'വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മകൊണ്ടും കഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരിന് എങ്ങനെ വോട്ട് ചെയ്യും? സര്‍ക്കാര്‍ വിരുദ്ധവികാരം വളരെ ശക്തമാണ്. ഈ വസ്തുതകളെല്ലാം കൂടിച്ചേരുമ്പോള്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകും എന്നതില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്.' രമേശ് ചെന്നിത്തല പറഞ്ഞു.
---------------
Hindusthan Samachar / Sreejith S