Enter your Email Address to subscribe to our newsletters

Kerala, 9 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊളളയില്‍ എസ്ഐടി സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ രമേശ് ചെന്നിത്തല. നാളെ വിവരങ്ങള്‍ കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി . സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നായിരുന്നു ചെന്നിത്തല ഉന്നയിച്ച ആരോപണം .
പുരാവസ്തുക്കള്‍ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ ശതകോടികള്‍ക്കു വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണമോഷണക്കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ചെന്നിത്തലയുമായി ബന്ധപ്പെട്ടത്.
ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
ഇത്തരം പൗരാണിക സാധനങ്ങള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെക്കുറിച്ചു നേരിട്ട് അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഏതാണ്ട് 500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയാറല്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണ് എന്ന് അറിയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K