Enter your Email Address to subscribe to our newsletters

New delhi, 9 ഡിസംബര്‍ (H.S.)
എസ്ഐആറിന്റെ സമയപരിധി രണ്ടാഴ്ച്ചകൂടി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. 20 ലക്ഷത്തോളം എന്യുമറേഷന്‍ ഫോമുകള്‍ ഇനിയും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു,. എന്നാല്‍ 97% ഫോമുകളും ഡിജിറ്റൈസ് ചെയ്‌തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേരളത്തിലെ എസ്ഐആര്‍ സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം എന്യൂമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സമര്‍പ്പിക്കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23-നാണ് പ്രസിദ്ധീകരിക്കുക എന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടി.
എന്നാല്‍, സംസ്ഥാനത്തെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ തന്നെ 20 ലക്ഷത്തോളം എന്യുമറേഷന്‍ ഫോമുകള്‍ ഇനിയും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ചൂണ്ടിക്കാട്ടി.
സമയപരിധി നീട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവരും ആവശ്യപ്പെട്ടു.
ഈ ആവശ്യത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി എതിര്‍ത്തു. രണ്ടാഴ്ച്ചകൂടി നീട്ടുന്നതിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസും വാക്കാല്‍ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍, സംസ്ഥാന സര്‍ക്കാരും വിവിധ കക്ഷികളും ആവശ്യം അവര്‍ത്തിച്ചതോടെ ഹര്‍ജികള്‍ 18-ന് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
---------------
Hindusthan Samachar / Sreejith S