ചെലവൂരിന് സമീപം മൂഴിക്കൽ ആറേമൂന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി.
Kozhikode , 14 ഏപ്രില് (H.S.) ചെലവൂരിന് സമീപം മൂഴിക്കൽ ആറേമൂന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പൂതംകുഴി നിസാറിൻ്റെയും റസീനയുടെയും മകൾ നസ്രിയ (നസ്രീന), ബന്ധുവും കൊളത്തറ സ്വദേശിയുമായ അദിലാൻ (19) എന്നിവരാണ് മരിച്ചത്.
Murder case


Kozhikode , 14 ഏപ്രില് (H.S.)

ചെലവൂരിന് സമീപം മൂഴിക്കൽ ആറേമൂന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പൂതംകുഴി നിസാറിൻ്റെയും റസീനയുടെയും മകൾ നസ്രിയ (നസ്രീന), ബന്ധുവും കൊളത്തറ സ്വദേശിയുമായ അദിലാൻ (19) എന്നിവരാണ് മരിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയും മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചുമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ശേഷം യുവാവ് ഇതേ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

മുത്തശ്ശി കണ്ടത് ദാരുണ കാഴ്ച

അർധരാത്രിയോ പുലർച്ചെയോ ആണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. മുകൾനിലയിൽ നിന്നും ശബ്ദം കേട്ട് നസ്രിയയുടെ മുത്തശ്ശി വന്ന് നോക്കുമ്പോഴാണ് മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാർ നോക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിൽ അദിലാനെയും കണ്ടത്.

ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ അദിലാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ തൂങ്ങിമരിച്ചതാണെന്നും വിഷം കഴിച്ചിരുന്നതായും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. വായയിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം.

വീട്ടിൽ കയറിയത് കള്ള താക്കോൽ ഉപയോഗിച്ച്

കൊലപാതകം നടത്തിയ യുവാവ് മുമ്പ് ആറുമാസത്തോളം നസ്രിയയുടെ വീട്ടിൽ താമസിച്ചിരുന്നു. എന്നാൽ സ്വഭാവദൂഷ്യത്തെ തുടർന്ന് ഇവിടുന്ന് പുറത്താക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ഇയാൾ. ഇന്നലെ രാത്രി കള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് വീടിൻ്റെ മുകൾനിലയിൽ കയറിയതെന്ന് പരിസരവാസികൾ പറയുന്നു. തുടർന്ന് കൃത്യം നടത്തുകയായിരുന്നു.

കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് പെൺകുട്ടിയുടെ ഉമ്മ അറിഞ്ഞിരുന്നതായും വിവരമുണ്ട്. വീട്ടിൽ സിസിടിവി ക്യാമറകളുണ്ടെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ്വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു നസ്രിയ. കൊലപാതകം നടത്തിയ യുവാവിൻ്റെ പ്രായം, മരിച്ച രീതി എന്നിവ സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്. മാതൃസഹോദരിമാരുടെ മക്കളാണെന്നും, അതല്ല പിതാവിൻ്റെ സഹോദരൻ്റെ മകനാണെന്നും പറയപ്പെടുന്നു.

അന്വേഷണം ഊർജിതം

വിവരമറിഞ്ഞയുടൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിൻ്റെയും അസിസ്റ്റൻ്റ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ബന്ധുക്കളെ പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിവൈരാഗ്യമാണോ കുടുംബപ്രശ്നങ്ങളാണോ പിന്നിലെന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ വിശദമായ മൊഴിയും ലഭിച്ചാൽ മാത്രമേ യഥാർഥ കാരണത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR