മയക്കുമരുന്ന് കേസിൽ അന്യായമായി കുടുക്കുകയും സമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവാവ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
Wayand,23 മെയ് (H.S.) മയക്കുമരുന്ന് കേസിൽ അന്യായമായി കുടുക്കുകയും സമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വയനാട് തൊണ്ടർനാട് സ്വദേശി ഇ.അജ്നാസാണ് തലപ്പുഴ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തി
MDMA fake case


Wayand,23 മെയ് (H.S.)

മയക്കുമരുന്ന് കേസിൽ അന്യായമായി കുടുക്കുകയും സമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വയനാട് തൊണ്ടർനാട് സ്വദേശി ഇ.അജ്നാസാണ് തലപ്പുഴ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തെ തുടർന്ന് ജോലി നഷ്ടമായെന്നും സാമൂഹികമായി ബുദ്ധിമുട്ട് നേരിടുന്നുവെന്നും അജ്നാസ് വെളിപ്പെടുത്തി.

സംഭവത്തിൽ അജ്നാസിൻ്റെ വിശദികരണം

ഈ മാസം 17ന് രാത്രി കുറ്റിയാടിയിൽ നിന്ന് കോറോത്തേക്ക് വരുന്നതിനിടെ നിരവിൽപ്പുഴയ്ക്ക് സമീപത്തായിരുന്നു സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന അജ്നാസിനെയും സുഹൃത്തിനെയും പൊലീസ് തടഞ്ഞ് നിർത്തി പരിശോധന നടത്തുകയായിരുന്നു. രാത്രി 11 മണി മുതൽ ഒരു മണി വരെ പരിശോധിക്കുകയും ചെയ്തു. എന്നിട്ടും ലഹരി വസ്തുക്കൾ ഒന്നും കിട്ടിയില്ല.

പിറ്റേ ദിവസം ഇതേ പൊലീസ് സംഘം തന്നെ രാവിലെ പതിനൊന്ന് മണിക്ക് ആലാറ്റിൽ വച്ച് അജ്നാസിനെയും സുഹൃത്തിനെയും വീണ്ടും തടഞ്ഞു. എന്നിട്ട് 11 മണിമുതൽ ഏകദേശം മൂന്ന് മണി മുതൽ മൂന്നര വരെ ഇവരെ പരിശോധിച്ചു. ലഹരി കൈവശം വച്ചിട്ടില്ലായിരുന്നിട്ടും ഇവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഒരു മണിക്കൂർ ഇരുത്തി. പെറ്റി കേസ് ചാർജ് ചെയ്തിട്ടുണ്ടന്നും കുറച്ച് പണം അടച്ച് രക്ഷപ്പെടാമെന്നും പൊലീസ് കൊൺസ്റ്റബിൾ പറഞ്ഞു. ഇനിയും പ്രശ്നം രൂക്ഷമാക്കേണ്ടന്ന് കരുതി അജ്നാസ് എതിർത്തൊന്നും പറഞ്ഞില്ല. പിന്നീട് ഭക്ഷണം വാങ്ങികൊടുത്ത ശേഷം ഇരുവരെയും വിട്ടയക്കുകയായിരുന്നു. വൈദ്യ പരിശോധന നടത്താതെയാണ് ഇവരെ വിട്ടയച്ചത്. സംഭവം നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ അജ്നാസിനെ എംഡിഎംഎ യുമായി പിടികൂടിയെന്ന വാർത്തയാണ് പത്രത്തിൽ വന്നത്.

ജോലി നഷ്ടപ്പെട്ട് അജ്നാസ്

എംഡിഎംഎ കേസിൽ പ്രതിയെന്ന രീതിയിൽ വാർത്തകൾ വന്നത് തനിക്ക് വലിയ തിരിച്ചടിയായിയെന്ന് അജ്നാസ്. സമൂഹത്തിൽ ഇറങ്ങിനടക്കാന് കഴിയാത്ത അവസ്ഥയാണ്. മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും വാർത്ത പുറത്തുവന്നതോടെ നാട്ടിൽ ഇറങ്ങിനടക്കാൻ പോലും ബുദ്ധിമുട്ടായെന്നും ജോലി നഷ്ടമായെന്നും അജ്നാസ് പറയുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് നിയമപരമായി തെളിയിക്കാന് കമ്പനി ആവശ്യപ്പെട്ടു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലെ ആവശ്യം. തൻ്റെ പരാതി മാധ്യമങ്ങൾക്കെതിരെ അല്ലെന്നും പൊലീസിനെതിരെയാണെന്നും അജ്നാസ് പറഞ്ഞു.

അതേസമയം ആലാറ്റിൽ സംശയാസ്പദമായി കണ്ട അജ്നാസിനെ പരിശോധിച്ചപ്പോൾ പാന്റിന്റെ പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തെന്നും കൃത്യമായ തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും തലപ്പുഴ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. ദിജേഷ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News