Enter your Email Address to subscribe to our newsletters

Ernakulam , 23 മെയ് (H.S.)
മോഡലിങ്ങിൻ്റെയും മേക്കപ്പ് ആർട്ടിസ്റ്റ് ജോലിയുടെയും മറവിൽ വിദേശത്തേക്ക് യുവതികളെ കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി റിമാൻഡിൽ. മാവേലിക്കര സ്വദേശി ശ്രീകുമാറാണ് (ബിലാൽ) എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലായത്. കൊച്ചി സിറ്റി പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എറണാകുളം അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഒന്നാം പ്രതി സിന്ധു, ആറാം പ്രതി ശ്രീകുമാർ എന്നിവർ വൈറ്റിലയിലെ ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചാണ് മനുഷ്യക്കടത്തിന് പദ്ധതി തയ്യാറാക്കിയത്. മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് സിന്ധുവിന് യുവതികളെ പരിചയപ്പെടുത്തിയത് ശ്രീകുമാറാണ്. വിദേശത്ത് എത്തിയ ശേഷം യുവതികൾക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊച്ചിയിൽ രണ്ട് അതിജീവിതകൾ സംയുക്തമായി പരാതി നൽകിയതോടെയാണ് വലിയൊരു സെക്സ് റാക്കറ്റിൻ്റെ വിവരങ്ങൾ പുറത്തറിയുന്നത്.
തട്ടിപ്പിൻ്റെ ആസൂത്രണം
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നിരവധി യുവതികളെ പ്രതികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. സിന്ധുവിൻ്റെ പേരിലുള്ള എലീസ ഇവൻ്റ്സ് എന്ന കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ വലയിലാക്കിയത്. ടിക്കറ്റിനും വിസയ്ക്കുമായി ഇവരിൽ നിന്ന് പ്രതികൾ 4,70,000 രൂപ തട്ടിയെടുത്തു. ഫെബ്രുവരി 20നാണ് ഇരകൾ പ്രതികൾക്കൊപ്പം ദുബായിലേക്ക് പോയത്. സിന്ധുവാണ് വിസയും ടിക്കറ്റും തരപ്പെടുത്തിയത്. വിദേശത്തെത്തിയ ഇവരെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു.
ദുബായിലെ ഫ്ലാറ്റിൽ തടവിലാക്കപ്പെട്ട യുവതികൾക്കൊപ്പമുണ്ടായിരുന്നത് പ്രതികളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. എതിർക്കാൻ ശ്രമിച്ച യുവതികളെ ഇവർ ശാരീരികമായി ഉപദ്രവിച്ചു. പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്ത ശേഷം പുറത്തുവിടാതെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. കൂടുതൽ പണം നൽകിയാൽ നാട്ടിലേക്ക് തിരികെ അയക്കാമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
അന്യനാട്ടിൽ ഭാഷയറിയാതെ പെട്ടുപോയ യുവതികളെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സെക്സ് റാക്കറ്റിലേക്ക് കൈമാറിയത്. അതിക്രമത്തിൻ്റെ പാടുകൾ അതിജീവിതകളുടെ ശരീരത്തിലുണ്ട്. നാട്ടിലുള്ള ബന്ധുക്കളെയും ഇവർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ തന്ത്രപരമായി രക്ഷപ്പെട്ടാണ് യുവതികൾ നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
വിപുലമായ അന്വേഷണം
കേസിലെ പ്രധാന പ്രതിയായ ബിലാൽ എന്ന ശ്രീകുമാർ പിടിയിലായതോടെ വലിയൊരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. മറ്റ് പ്രതികൾക്കായി ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നവരെ നാട്ടിലെത്തിക്കാൻ ഇൻ്റർപോളിൻ്റെ സഹായം തേടുന്നതടക്കമുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. കൂടുതൽ യുവതികൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികൾ സാമ്പത്തിക ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഇവർ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധനയിലാണ്. റിമാൻഡിലായ ശ്രീകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ഗൾഫ് സെക്സ് റാക്കറ്റിൻ്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ഇതിനായി പൊലീസ് വൈകാതെ കോടതിയിൽ അപേക്ഷ നൽകും. സമൂഹ മാധ്യമങ്ങൾ വഴിയും പരസ്യങ്ങൾ വഴിയും നിരവധി പേരെ സംഘം ഇതിനോടകം സമീപിച്ചിട്ടുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഇത്തരം വ്യാജ ഏജൻസികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR