Enter your Email Address to subscribe to our newsletters

Idukki , 23 മെയ് (H.S.)
ഇടുക്കി ജില്ലയിലുള്ള ആശുപത്രി ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകുമ്പോൾ പകരം ജീവനക്കാരെ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സ്ഥലംമാറ്റം നൽകുമ്പോൾ അവർക്ക് പകരം ജീവനക്കാർ ചുമതലയേറ്റതായി ഉറപ്പു വരുത്തിയശേഷം മാത്രം ജോലിയിൽ നിന്നും വിടുതൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇക്കാര്യം സ്ഥലംമാറ്റ ഉത്തരവിൽ തന്നെ രേഖപ്പെടുത്തണമെന്നും കമ്മീഷൻ നിയമനാധികാരിക്ക് നിർദ്ദേശം നൽകി. ഇങ്ങനെയല്ലാതെ സ്ഥലംമാറി പോകേണ്ടതുണ്ടെങ്കിൽ പ്രസ്തുത ജീവനക്കാർ അതിന്റെ കാരണം നിയമനാധികാരിയെ ബോധ്യപ്പെടുത്തണം. ഇടുക്കി ജില്ലയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സ്ഥലംമാറ്റം നൽകുമ്പോൾ ഇക്കാര്യം ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും കൃത്യമായി പാലിക്കണം. ജില്ലയിൽ താമസിക്കുന്നവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.ജില്ലയ്ക്ക് പുറത്തുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആശുപത്രികളിൽ നിയമിക്കുന്നത് കാരണം അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പോലും ചികിത്സിക്കാൻ യഥാസമയം ജീവനക്കാർ ഉണ്ടാകാറില്ലെന്ന പരാതിയിലാണ് ഉത്തരവ്. വർഷങ്ങളായി കണ്ടുവരുന്ന പ്രവണതക്ക് മാറ്റം വരുത്താൻ കമ്മീഷൻ ഇടപെടണമെന്ന് പരാതിക്കാരനായ വണ്ടിപ്പെരിയാർ സ്വദേശി സജി പി വർഗീസ് ആവശ്യപ്പെട്ടു. ഉത്തരവ് സർക്കാരിന് വേണ്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡയറക്ടർക്കും കൈമാറി.
ഉപ്പുതറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഐ.പി. സൗകര്യം ഉറപ്പാക്കാൻ നിർദേശം നൽകി.
ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇൻ പേഷ്യന്റ് സംവിധാനം ഉറപ്പാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശാനുസരണം ആശുപത്രി സന്ദർശിച്ച ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു.
ആശുപത്രിയിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ നടപടിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഐ.പി. വിഭാഗം തുടങ്ങുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അനിവാര്യമാണ്. എക്സ്റേ യൂണിറ്റ് സി.എച്ച്.ആർ. ഫണ്ട് വഴി സ്ഥാപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവമില്ല. പുരുഷന്മാരുടെ വാർഡ് പഴയ കെട്ടിടത്തിലാണെങ്കിലും പ്രവർത്തനക്ഷമമാണ്. സ്ത്രീകളുടെ വാർഡ് പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ ആമ്പുലൻസും ജീപ്പും ലഭ്യമാണ്. 300 മുതൽ 400 വരെയുള്ള രോഗികൾ പ്രതിദിനം ആശുപത്രിയിൽ വരുന്നുണ്ട്. 80 മുതൽ 120 രോഗികൾ വരെ ഒ.പി. യിൽ പ്രതിദിനം ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR