Enter your Email Address to subscribe to our newsletters

Kozhikode , 23 മെയ് (H.S.)
കോഴിക്കോട് ബീച്ചിലെ അശാസ്ത്രീയ ഡ്രൈനേജ് നിർമാണം പ്രദേശത്തെ ഒന്നാകെ മാലിന്യക്കുഴിയാക്കുന്നു. വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ സർക്കാർ നടത്തിയ കോടികളുടെ നവീകരണ പ്രവർത്തനങ്ങളാണ് പ്രതിസന്ധിയിലായത്. ചെറിയ മഴ പെയ്താൽപോലും നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറുന്നത് ജനജീവിതം ദുസഹമാക്കി.
യാത്ര ദുഷ്കരം
സൗത്ത് ബീച്ചിലെ റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും ഇതിലൂടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കാൽനടയാത്രക്കാരും വലിയ ദുരിതം അനുഭവിക്കുന്നു. നഗരത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം കടലിലേക്ക് പോകാൻ ഇടമില്ലാത്തതാണ് പ്രധാന പ്രശ്നം. ശാസ്ത്രീയ പഠനങ്ങളില്ലാതെ അഴുക്കുചാലുകൾ നിർമിച്ചതാണ് വലിയ തിരിച്ചടിയായത്. വരുംദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ ഗതാഗതം പൂർണമായി തടസപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. യാത്രാതടസം നേരിടാതിരിക്കാൻ അടിയന്തര ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പകർച്ചവ്യാധി ഭീഷണി
നഗരത്തിൽ നേരിയ മഴ പെയ്താൽപോലും ബീച്ച് റോഡുകളാകെ വലിയ കുളമാകും. പരിസരത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ വെള്ളക്കെട്ടിൽ കലരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊതുകുകൾ പെരുകുന്നത് വഴി ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ പടരുമെന്ന ഭയത്തിലാണ് നാട്ടുകാർ. റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരെയും വെള്ളക്കെട്ട് സാരമായി ബാധിച്ചു.
ബീച്ചിലെ വൻകിട ഭക്ഷണശാലകളിൽ എത്തുന്നവരും കാറ്ററിങ് കേന്ദ്രങ്ങളിൽ തിരക്കുണ്ടാക്കുന്നവരും ദുർഗന്ധം കാരണം മടങ്ങിപ്പോകുകയാണ്. മഴക്കാലം കനക്കുന്നതിന് മുൻപ് ഓടകളിലെ മാലിന്യം നീക്കി ശാശ്വത പരിഹാരം കാണണം.
കോടികളുടെ നവീകരണം
ഏതാനും മാസങ്ങൾക്ക് മുൻപാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ബീച്ചിൻ്റെ മുഖച്ഛായ മാറ്റിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തീരദേശ ഭക്ഷണ കേന്ദ്രമായി ഇവിടം മാറി. ഭക്ഷ്യസുരക്ഷാ വകുപ്പ് അനുവദിച്ച 3.44 കോടി രൂപയും കോഴിക്കോട് കോർപറേഷൻ അനുവദിച്ച 1.85 കോടി രൂപയും വിനിയോഗിച്ചായിരുന്നു നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ആരെയും ആകർഷിക്കുന്ന ഉന്തുവണ്ടികൾ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ, റാമ്പുകൾ എന്നിവ സ്ഥാപിച്ചു. ഇതിന് പുറമെ പൂർണ ശുചിത്വവും മികച്ച ഗുണമേന്മയുമുള്ള ഭക്ഷണ പദാർഥങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കിയിരുന്നു.
മുരടിക്കുന്ന വികസനം
എല്ലാ വൈകുന്നേരങ്ങളിലും കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് കടപ്പുറത്ത് എത്തുന്നത്. അവധി ദിവസങ്ങളിൽ ജനത്തിരക്ക് വീണ്ടും ഇരട്ടിയാകും. അശാസ്ത്രീയമായി പണിതീർത്ത ഡ്രൈനേജുകൾ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കി. ദുർഗന്ധം കാരണം വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.
അധികൃതർ അടിയന്തരമായി പ്രശ്നങ്ങൾ വിലയിരുത്തി ഡ്രൈനേജ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണം. അല്ലാത്തപക്ഷം കോടികൾ മുടക്കിയ പദ്ധതികൾ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. കോർപറേഷൻ ഉദ്യോഗസ്ഥർ വിഷയത്തിൽ എത്രയും വേഗം ഇടപെടണം എന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR