Enter your Email Address to subscribe to our newsletters

Kasaragod , 23 മെയ് (H.S.)
പള്ളിക്കര പൂച്ചക്കാടിന് സമീപം ട്രെയിനിന് നേരെ കല്ലേറ്. ഇൻ്റർസിറ്റി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു. നീലേശ്വരം ആലി കീഴ് സ്വദേശി അനിതക്കാണ് പരിക്കേറ്റത്. വലതു കണ്ണിന് താഴെയാണ് പരിക്കേറ്റത്.
മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ട്രെയിനിലെ മധ്യത്തായുള്ള കംപാർട്ടുമെൻ്റിലാണ് അനിത ഇരുന്നത്. ജനാലകമ്പിയിൽ തട്ടിയ കല്ല് തെറിച്ച് കണ്ണിൽ പതിക്കുകയായിരുന്നു. കണ്ണട പൊട്ടിച്ചിതറികണ്ണിന് താഴെയായി മുറിവേൽക്കുകയായിരുന്നു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ റെയിൽവെ പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാസർകോട് റെയിൽവെ എസ്ഐസിഎസ് സനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്.
റെയിൽവേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സിസിടിവി ക്യാമറയും ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ ട്രാക്കിന് സമീപമുള്ള വീടുകള് കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തും. ട്രെയിനുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. രാജ്യത്ത് ട്രെയിൻ യാത്രക്കാർക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് ഈ അടുത്ത കാലത്താണ് പുറത്ത് വന്നത്. ഇതിൽ കേരളം രണ്ടാം സ്ഥാനത്താണുള്ളത്.
കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവേ മന്ത്രാലയം നിരവധി പുതിയ പദ്ധതികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി തയ്യാറാക്കിയ 'മേരി സഹേലി' പ്രോഗ്രാം, ആർപിഎഫ് ഉദ്യോഗസ്ഥരുടെയും ജിആർപി ഉദ്യോഗസ്ഥരുടെയും സംയുക്ത പട്രോളിങ് ഉൾപ്പെടെയുള്ള കാര്യക്ഷമമായ നടപടികൾ പുരോഗമിക്കുകയാണ്.
നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സിസിടിവി നിരീക്ഷണം ശക്തമാക്കാനും റെയിൽ മദദ് ഹെൽപ്പ് ലൈൻ പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ ജനങ്ങളിൽ കൃത്യമായി എത്തിക്കാനും ശ്രമിക്കുന്നുണ്ട്. കൂടാതെ തുടർച്ചയായ മോഷണവും അക്രമങ്ങളും തടയാനായി ആയിരക്കണക്കിന് ട്രെയിൻ കോച്ചുകളിലും റെയിൽവേ സ്റ്റേഷനുകളിലും പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുളള സുപ്രധാന നടപടികളും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR