തിരഞ്ഞെടുപ്പ് തിരിച്ചടി: പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ.എം പാറശാല ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം
thiruvananthapuram , 23 മെയ് (H.S.) തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എം താഴേത്തട്ടിലുള്ള കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ കടുത്ത അമർഷവും ആഭ്യന്തര കലഹവും പുകയുന്നു. മുൻ മുഖ്യമന്ത്രിയും നിലവിലെ നിയമസഭ
തിരഞ്ഞെടുപ്പ് തിരിച്ചടി: പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ.എം പാറശാല ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം


thiruvananthapuram , 23 മെയ് (H.S.)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.എം താഴേത്തട്ടിലുള്ള കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ കടുത്ത അമർഷവും ആഭ്യന്തര കലഹവും പുകയുന്നു. മുൻ മുഖ്യമന്ത്രിയും നിലവിലെ നിയമസഭാ കക്ഷി നേതാവുമായ പിണറായി വിജയനെതിരെ അസാധാരണമായ കടന്നാക്രമണമാണ് തിരുവനന്തപുരം ജില്ലയിലെ പാറശാല ഏരിയ കമ്മിറ്റി യോഗത്തിൽ ഉണ്ടായത്. തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ സ്ഥാനം അടിയന്തരമായി രാജിവെക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

സി.പി.ഐ.എം പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാറാണ് പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യമിട്ട് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആകെത്തുക പിണറായി വിജയന്റെ ശൈലിയും ഭരണത്തോടുള്ള ജനവിരോധവുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പരാജയത്തിന് മറ്റാരെയെങ്കിലും പഴിചാരി രക്ഷപ്പെടാൻ നേതൃത്വത്തിന് കഴിയില്ലെന്നും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി വിജയൻ തന്നെ ഏറ്റെടുക്കണമെന്നും അജയകുമാർ വ്യക്തമാക്കി.

'പ്രതിപക്ഷ നേതാവാകാൻ അയോഗ്യൻ; രാജിവെച്ച് മാതൃകയാകണം'

പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്ന് ഏരിയ സെക്രട്ടറി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാർട്ടിയെയും ഭരണത്തെയും ഒരുപോലെ സ്വാധീനിച്ച നേതാവ്, തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് മാന്യതയും രാഷ്ട്രീയ ധാർമ്മികതയും കാട്ടുകയാണ് വേണ്ടത്. തോൽവിക്ക് ശേഷവും നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ച തീരുമാനത്തെയും യോഗം ശക്തമായി ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ പൂർണ്ണമായും അയോഗ്യനാണെന്ന് അജയകുമാർ യോഗത്തിൽ തുറന്നടിച്ചു.

ഒരുകാലത്ത് പിണറായി വിജയനെ അതിരറ്റ് പ്രകീർത്തിച്ച് 'കാരണഭൂതൻ' പാട്ടുകളും തിരുവാതിരക്കളി പോലുള്ള പരിപാടികളും അവതരിപ്പിച്ച് വിവാദത്തിലായ അതേ ഏരിയ കമ്മിറ്റിയിൽ നിന്നുതന്നെയാണ് ഇപ്പോൾ ഈ തിരുത്തൽ വിമർശനം ഉയർന്നതെന്നത് സി.പി.ഐ.എം വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അന്ധമായ വ്യക്തിപൂജയുടെ അനന്തരഫലമാണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നതെന്ന സൂചനയും യോഗത്തിലുണ്ടായ ചർച്ചകൾ നൽകുന്നു.

സംസ്ഥാന നേതൃത്വത്തിനെതിരെയും അതൃപ്തി

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രന്റെ സാന്നിധ്യത്തിലാണ് ഇന്നലെ പാറശാലയിൽ നാടകീയമായ ഈ ഏരിയ കമ്മിറ്റി യോഗം നടന്നത്. സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിങ്ങിന്മേൽ നടന്ന ചർച്ചയിലാണ് അംഗങ്ങൾ ഒന്നടങ്കം നേതൃത്വത്തിനെതിരെ തിരിഞ്ഞത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പാളിച്ചകൾ സംഭവിച്ചതായി കമ്മിറ്റി വിലയിരുത്തി. ചില പ്രമുഖ നേതാക്കൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഏകപക്ഷീയമായാണ് പലയിടങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നും, ജനപിന്തുണയില്ലാത്തവരെ അടിച്ചേൽപ്പിച്ചതുമാണ് തിരിച്ചടിക്ക് കാരണമായതെന്നും വിമർശനമുയർന്നു. പാർട്ടി വിട്ടുപോയി വിമതരായി മത്സരിച്ചവരെ അനുനയിപ്പിക്കാനോ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാനോ ഉള്ള യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കൃത്യമായ സമയത്ത് ഉചിതമായ ചർച്ചകൾ നടത്തിയിരുന്നെങ്കിൽ വലിയൊരു വിഭാഗം വോട്ടുകൾ ചോരുന്നത് തടയാമായിരുന്നുവെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്തുടനീളമുള്ള വിവിധ ഏരിയ-ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ സമാനമായ രീതിയിൽ വികാരമുയരുന്നുണ്ട്. ഇതിനിടെ, ഡൽഹിയിൽ നടക്കുന്ന സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് കടുത്ത പനി മൂലം പിണറായി വിജയൻ വിട്ടുനിന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. അടിത്തട്ടിൽ നിന്നുള്ള ഈ കടുത്ത ജനവികാരവും പാർട്ടി പ്രവർത്തകരുടെ പരസ്യമായ പ്രതിഷേധങ്ങളും വരും ദിവസങ്ങളിൽ സി.പി.ഐ.എമ്മിനകത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News