Enter your Email Address to subscribe to our newsletters

thiruvananthapuram, 23 മെയ് (H.S.)
തിരുവനന്തപുരം: കേരളത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരിമാഫിയയെ പൂർണ്ണമായും അടിച്ചമർത്തുന്നതിനായി സംസ്ഥാന പോലീസ് പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. 'ഓപ്പറേഷൻ തുഫാൻ - ദി നർക്കോ ഹണ്ട്' (Operation Thufaan - The Narco Hunt) എന്ന പേരിൽ വിപുലമായ പുതിയ പദ്ധതി ഇതിനായി പോലീസ് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ലഹരി ശൃംഖലകളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂൺ ഒന്ന് മുതൽ പദ്ധതി സംസ്ഥാനവ്യാപകമായി നിലവിൽ വരും.
സ്കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങളും മയക്കുമരുന്നുകളും വിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. യുവതലമുറയെ ലഹരിയുടെ അടിയൊഴുക്കുകളിൽ നിന്ന് രക്ഷിക്കാൻ പോലീസിന്റെ പ്രത്യേക വിംഗ് നിരന്തരമായ നിരീക്ഷണം നടത്തും. ലഹരി കടത്തുകാരെയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വൻതോക്കുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും പോലീസിന് നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം
ലഹരി വിരുദ്ധ പോരാട്ടത്തിനൊപ്പം തന്നെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തന ശൈലിയിലും വലിയ മാറ്റങ്ങൾ വരുത്താൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളോട് കൂടുതൽ സൗഹാർദ്ദപരമായി പെരുമാറുന്ന രീതിയിലേക്ക് പോലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. പരാതികളുമായും മറ്റ് ആവശ്യങ്ങൾക്കുമായി സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളെ 'ഗുഡ് മോണിങ്ങ്' (Good Morning) ആശംസിച്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗാസ്ഥർ സ്വീകരിക്കും. പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പൊതുജനങ്ങൾക്ക് ഭയമില്ലാതെ കടന്നുവരാൻ കഴിയുന്ന ജനസേവന കേന്ദ്രങ്ങളായി പോലീസ് സ്റ്റേഷനുകളെ മാറ്റിയെടുക്കും. സ്റ്റേഷനുകളിൽ എത്തുന്നവരോട് മാന്യമായും സഹാനുഭൂതിയോടെയും പെരുമാറാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പരിപാലനത്തിൽ ജന പങ്കാളിത്തം ഉറപ്പാക്കുന്ന 'ജനമൈത്രി പോലീസ്' സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റസിഡൻസ് അസോസിയേഷനുകളുമായും പ്രാദേശിക കൂട്ടായ്മകളുമായും ചേർന്നുള്ള ജനമൈത്രി പോലീസിന്റെ പ്രവർത്തനം ലഹരി വിരുദ്ധ പോരാട്ടത്തിലും മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിലും വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
---------------
Hindusthan Samachar / Roshith K