വേങ്ങേരി കാർഷിക മാർക്കറ്റ് പ്രതിസന്ധിയിൽ; വികസനമില്ല, കോടികളുടെ ഫണ്ട് 'കാബ്കോ' തട്ടിയെടുക്കുന്നതായി ആക്ഷേപം
Kozhikode, 23 മെയ് (H.S.) കോഴിക്കോട്: കാൽ നൂറ്റാണ്ടു മുൻപ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ യൂറോപ്യൻ സാമ്പത്തിക സഹായത്തോടെ തുടക്കം കുറിച്ച വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രം വലിയ പ്രതിസന്ധിയിൽ. വിപണിയുടെ വികസനം ലക്ഷ്യമിട്ട് 4 വർഷം മുൻപ് ഇതിന്റെ
വേങ്ങേരി കാർഷിക മാർക്കറ്റ് പ്രതിസന്ധിയിൽ; വികസനമില്ല, കോടികളുടെ ഫണ്ട് 'കാബ്കോ' തട്ടിയെടുക്കുന്നതായി ആക്ഷേപം


Kozhikode, 23 മെയ് (H.S.)

കോഴിക്കോട്: കാൽ നൂറ്റാണ്ടു മുൻപ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ യൂറോപ്യൻ സാമ്പത്തിക സഹായത്തോടെ തുടക്കം കുറിച്ച വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രം വലിയ പ്രതിസന്ധിയിൽ. വിപണിയുടെ വികസനം ലക്ഷ്യമിട്ട് 4 വർഷം മുൻപ് ഇതിന്റെ ചുമതല ഏറ്റെടുത്ത 'കാബ്കോ' (KABCO) മാർക്കറ്റിനെ വെറുമൊരു കറവപ്പശുവാക്കി മാറ്റുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. വികസനത്തിന്റെ പേരിൽ സർക്കാരിന്റെ പങ്കാളിത്തത്തോടെ സ്വകാര്യ മേഖലയെയും കൂട്ടുപിടിച്ചു 2022 ൽ രൂപീകരിച്ച 'കേരള അഗ്രോ ബിസിനസ് കൺസോർഷ്യം' (കാബ്കോ) വേങ്ങേരി മാർക്കറ്റ് ഏറ്റെടുത്ത് 4 വർഷം പൂർത്തിയാകുമ്പോഴും വിപണിയിൽ യാതൊരുവിധ വികസനവും നടപ്പിലായിട്ടില്ല.

വരുമാനവും നിക്ഷേപവും കാബ്കോയിലേക്ക്

മാർക്കറ്റിൽ അടിസ്ഥാന സൗകര്യ വികസനങ്ങളോ കർഷകർക്ക് അനുകൂലമായ മാറ്റങ്ങളോ കൊണ്ടുവരാൻ കാബ്കോയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും, മാർക്കറ്റിൽ നിന്നുള്ള പ്രതിമാസ വരുമാനവും കോടികൾ വരുന്ന നിക്ഷേപവും വികസനത്തിന്റെ പേരിൽ ഇവർ സ്വന്തമാക്കുകയാണെന്ന് വ്യാപാരികളും കർഷകരും ആരോപിക്കുന്നു. മുൻപ് കൃഷി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന വിപണിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കാബ്കോ അധികാരം പിടിച്ചെടുത്തതോടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് പോലും ഇവിടെ ഇടപെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ലക്ഷ്യം കാണാതെ യൂറോപ്യൻ സഹായ പദ്ധതി

മലബാറിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിറ്റഴിക്കാനും നഗരവാസികൾക്ക് ന്യായവിലയ്ക്ക് കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനുമായിരുന്നു കാൽ നൂറ്റാണ്ട് മുൻപ് യൂറോപ്യൻ സാമ്പത്തിക സഹായത്തോടെ ഈ പദ്ധതിക്ക് തുടക്കമിട്ടത്. അത്യാധുനിക സൌകര്യങ്ങളോടെ വിഭാവനം ചെയ്ത മാർക്കറ്റ് വലിയ പ്രതീക്ഷയാണ് കർഷകർക്ക് നൽകിയത്. എന്നാൽ പിന്നീട് കൃഷി വകുപ്പിന് കീഴിൽ വന്ന വിപണിയുടെ ഭരണം, 2022-ൽ രൂപീകരിച്ച കാബ്കോ എന്ന കമ്പനിക്ക് കൈമാറുകയായിരുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP Model) കൂടുതൽ ബിസിനസ്സ് സാധ്യതകൾ തുറക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും, ഫലത്തിൽ മാർക്കറ്റിന്റെ നിയന്ത്രണം പൂർണ്ണമായും കൃഷിവകുപ്പിന് നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കോടികളുടെ സ്ഥിരനിക്ഷേപവും നിത്യേനയുള്ള വരുമാനവും കൃഷി വകുപ്പിലേക്ക് എത്തുന്നതിന് പകരം കാബ്കോയുടെ അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. കർഷകരുടെയും വ്യാപാരികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ ഇവിടെ യാതൊരു അധികാരവുമില്ല. കോഴിക്കോട്ടെ പ്രധാനപ്പെട്ട ഒരു കാർഷിക കേന്ദ്രം കോർപ്പറേറ്റ് വൽക്കരിക്കപ്പെടുകയും വികസനം മുരടിക്കുകയും ചെയ്യുന്നതിൽ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ്.

---------------

Hindusthan Samachar / Roshith K


Latest News