മൂന്നാറിനെ സമതലങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പഴയ 'ആലുവ - മൂന്നാർ രാജപാത' പുനരുദ്ധരിച്ച് ഗതാഗതത്തിനായി തുറന്നുനൽകണമെന്ന ആവശ്യം വീണ്ടും ജനകീയ പ്രക്ഷോഭങ്ങളിലേക്ക് വഴിമാറുന്നു.
Idukki , 09 ജൂണ് (H.S.) തിരുവിതാംകൂർ രാജഭരണകാലത്ത് ഹൈറേഞ്ചിൻ്റെ ഹൃദയഭൂമിയായ മൂന്നാറിനെ സമതലങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പഴയ ''ആലുവ - മൂന്നാർ രാജപാത'' പുനരുദ്ധരിച്ച് ഗതാഗതത്തിനായി തുറന്നുനൽകണമെന്ന ആവശ്യം വീണ്ടും ജനകീയ പ്രക്ഷോഭങ്ങളിലേക്ക് വഴിമാറുന
ALUVA MUNNAR HIGHWAY


Idukki , 09 ജൂണ് (H.S.)

തിരുവിതാംകൂർ രാജഭരണകാലത്ത് ഹൈറേഞ്ചിൻ്റെ ഹൃദയഭൂമിയായ മൂന്നാറിനെ സമതലങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പഴയ 'ആലുവ - മൂന്നാർ രാജപാത' പുനരുദ്ധരിച്ച് ഗതാഗതത്തിനായി തുറന്നുനൽകണമെന്ന ആവശ്യം വീണ്ടും ജനകീയ പ്രക്ഷോഭങ്ങളിലേക്ക് വഴിമാറുന്നു. ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്ക്കും മാങ്കുളം അടക്കമുള്ള കാർഷിക ഗ്രാമങ്ങളുടെ പുരോഗതിക്കും വിപ്ലവകരമായ മാറ്റം സമ്മാനിക്കാൻ പോന്ന ഈ ചരിത്രവഴി നിലവിൽ വനംവകുപ്പിൻ്റെ കർശന നിയന്ത്രണങ്ങളാൽ അടഞ്ഞുകിടക്കുകയാണ്. വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തുണയാകുന്ന ഈ റോഡ് തുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.

ആലുവ-മൂന്നാർ രാജ പാതയെ സംബന്ധിച്ച് പുതിയ സർക്കാരിൽ ഒരുപാട് പ്രതീക്ഷകളാണ് ഉള്ളതെന്ന് ഫാ.ജോർജ് കൊല്ലം പറമ്പിൽ പറഞ്ഞു. 'മാങ്കുളം പോലെ അല്ലെങ്കിൽ മൂന്നാർ പോലെ വളർന്നു കൊണ്ടിരിക്കുന്ന ടൂറിസം ഡെസ്റ്റിനേഷനുകളാണ് ഇത്. ഇന്ന് മാങ്കുളത്തേയ്ക്കോ മൂന്നാറിലേയ്ക്കോ പോവണമെങ്കിൽ ഒത്തിരി സമയം ബ്ലോക്ക് അനുഭവിക്കേണ്ടി വരും. ഇതിന് ബദലായി ആളുകൾക്ക് സുഗമമായി സഞ്ചരിക്കാൻ ഒരു പാത വേണം. അതിനേറ്റവും അനുയോജ്യമാണ് രാജപാത എന്നറിയപ്പെടുന്ന ആലുവ-മൂന്നാർ പാത' അദ്ദേഹം കൂട്ടിച്ചേർത്തു.

മാങ്കുളത്തെ സംമ്പന്ധിച്ചിടത്തോളം ഇത് അനിവാര്യമായ പാതയാണെന്നും ഈ ആദിവാസി കുടിയിൽ നിന്നും മാങ്കുളത്തെ നിവാസികൾക്ക് പുറം ലോകത്തേയ്ക്ക് കടന്നു ചെല്ലാൻ ഇതിനെ ആശ്രയിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'മാങ്കുളത്ത് നിന്ന് കോതമംഗലത്തേയ്ക്ക് 40 കി.മീറ്റർ ദൂരം സഞ്ചരിച്ച് എത്താം. 80- 90 കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇപ്പോൾ എത്തുന്നത്. പുതിയ ഗവണ്മെൻ്റിന് ചെയ്യാൻ കഴിയുന്നത് യാത്രാസൗകര്യം വർധിപ്പിക്കുകയാണ്. അതുപോലെ വന്യമൃഗങ്ങൾക്ക് ആഹാര സാധനങ്ങൾ എത്തിക്കുന്ന തരത്തിലുള്ള പദ്ധതികൾ സൃഷ്ടിക്കുക' ഫാദർ പറഞ്ഞു. ആലുവ-മൂന്നാർ രാജപാത തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നാട്ടുകാർ.

ചരിത്രമുറങ്ങുന്ന രാജപാതയും 'തൊണ്ണൂറ്റൊമ്പതിലെ' മഹാപ്രളയവും

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിൻ്റെ കാലത്താണ് ഈ പാത സജീവമാകുന്നത്. മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയുടെ തോട്ടങ്ങളിൽ വിളയുന്ന തേയിലയും മറ്റ് കാർഷിക ഉത്പ്പന്നങ്ങളും പുറംലോകത്തേക്ക് എത്തിക്കാൻ ബ്രിട്ടീഷുകാരാണ് ഈ പാത പ്രധാനമായും ഉപയോഗിച്ചിരുന്നത്. മൂന്നാറിൽ നിന്ന് കാളവണ്ടികളിലും മറ്റും ചരക്കുകൾ പൂയംകുട്ടി വഴി ആലുവയിൽ എത്തിക്കുകയും അവിടെ നിന്ന് പെരിയാറിലൂടെ കൊച്ചി തുറമുഖത്തേക്ക് വള്ളങ്ങളിൽ കൊണ്ടുപോവുകയുമായിരുന്നു പതിവ്. അക്കാലത്ത് ഹൈറേഞ്ചിൻ്റെ ഏക ജീവനാഡിയായിരുന്നു ഈ പാത.

കരിന്തിരി മലയിലെ ദുരന്തം

1924ൽ (മലയാള വർഷം 1100-ൽ പെയ്ത 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം') കേരളത്തെയാകെ ഉലച്ച മഹാപ്രളയത്തിലാണ് ഈ റോഡിൻ്റെ ഭാഗമായിരുന്ന കരിന്തിരിമലയിൽ വൻ ഉരുൾപൊട്ടലുണ്ടാകുന്നത്. റോഡിൻ്റെ ഭൂരിഭാഗം പ്രദേശങ്ങൾ ഒലിച്ചുപോവുകയും ഗതാഗതം പൂർണ്ണമായി തടസപ്പെടുകയും ചെയ്തു.പ്രളയാനന്തരം, ബ്രിട്ടീഷ് അധികൃതർ അടിമാലി വഴി ആലുവയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് ഇന്നത്തെ ദേശീയപാത (നേര്യമംഗലം പാലം ഉൾപ്പെടെ) നിർമ്മിച്ചതോടെ ഈ പഴയ രാജപാത പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. കാലക്രമേണ ഈ പ്രദേശം കാടുമൂടുകയും വനംവകുപ്പിൻ്റെ അധീനതയിലാവുകയും ചെയ്തു.

ലാഭിക്കാം 20 കിലോമീറ്റർ; വികസനത്തിൻ്റെ പുതിയ വാതിൽ

നിലവിൽ കോതമംഗലത്തുനിന്ന് അടിമാലി വഴി മൂന്നാറിലെത്താൻ ഏകദേശം 80 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. എന്നാൽ പഴയ ആലുവ - മൂന്നാർ രാജപാത യാഥാർത്ഥ്യമായാൽ കേവലം 60 കിലോമീറ്റർ കൊണ്ട് മൂന്നാറിലെത്താം. അതായത്, യാത്രാസമയത്തിലും ഇന്ധനത്തിലും 20 കിലോമീറ്ററോളം ദൂരം ലാഭിക്കാൻ സാധിക്കും.

പ്രധാന യാത്രാവഴി ഇങ്ങനെ..

കോതമംഗലം കുട്ടമ്പുഴ പൂയംകുട്ടി കുറത്തി പെരുമ്പൻകുത്ത് മാങ്കുളം മൂന്നാർഇതിൽ പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള 27 കിലോമീറ്റർ ദൂരമാണ് പൂർണ്ണമായും വനമേഖലയിലൂടെ കടന്നുപോകുന്നത്. നിലവിൽ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പെരുമ്പൻകുട്ടിൽ നിന്നും കുറത്തിയിലേക്കുള്ള റോഡിൻ്റെ നവീകരണ ജോലികൾ നടന്നിട്ടുണ്ട് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

നിയമപോരാട്ടവും വനംവകുപ്പിൻ്റെ തടസവാദങ്ങളും

പൊതുമരാമത്ത് വകുപ്പിൻ്റെ (PWD) ഉടമസ്ഥതയിലുള്ള ആസ്തിരേഖകളിൽ ഇപ്പോഴും ഈ റോഡ് നിലനിൽക്കുന്നുണ്ടെന്നാണ് പാതയ്ക്കായി വാദിക്കുന്ന സമിതികൾ ചൂണ്ടിക്കാണിക്കുന്നത്. നിയമപരമായി പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള റോഡിൽ തടസവാദങ്ങൾ ഉന്നയിക്കാൻ വനംവകുപ്പിന് യാതൊരു അവകാശവുമില്ലെന്നാണ് ജനകീയ കൂട്ടായ്മകളുടെ നിലപാട്.

റോഡ് തുറന്നുനൽകിയാൽ വനാതിർത്തിയോട് ചേർന്ന് കഴിയുന്ന നിരവധി ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് പുറംലോകവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും. കൂടാതെ ഓഫ്-റോഡ് ടൂറിസത്തിനും ഇക്കോ-ടൂറിസത്തിനും വലിയ സാധ്യതകളുള്ള മേഖലയാണിത്. വനംവകുപ്പിൻ്റെ തടസവാദങ്ങൾ നീക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും ഉന്നതതല ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ഇപ്പോൾ ശക്തമാവുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News