Enter your Email Address to subscribe to our newsletters

Kochi , 09 ജൂണ് (H.S.)
ചന്ദർ കുഞ്ച് ആർമി ഫ്ലാറ്റ് പൊളിക്കൽ: കരാർ ഒപ്പിടാൻ ഒരാഴ്ച സമയം.വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർ കുഞ്ച് ആർമി ടവേഴ്സ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഒപ്പിടാൻ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്. ഒ) ഒരാഴ്ച സമയം നൽകി ജില്ലാ ഭരണകൂടം.
ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയുടെ പ്രത്യേക യോഗത്തിൽ ആയിരുന്നു തീരുമാനം.
ഫ്ലാറ്റ് പൊളിക്കൽ സമയബന്ധിതമായി പൂർത്തിയാക്കണം. ജില്ലാ ഭരണകൂടം തയ്യാറാക്കിയ കരാറിന്റെ കരട് എ.ഡബ്ല്യു.എച്ച്.ഒ.യ്ക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇതിൽ ഒപ്പുവെക്കണം. അല്ലെങ്കിൽ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള മുഴുവൻ തുകയും ജി.എസ്.ടി. സഹിതം എ.ഡബ്ല്യു.എച്ച്.ഒ. മുൻകൂറായി ഒടുക്കണം. ഈ തുക ഉപയോഗിച്ച് ജില്ലാ ഭരണകൂടം നേരിട്ടായിരിക്കും ഫ്ലാറ്റ് പൊളിക്കുക. ഇതുസംബന്ധിച്ച് നാളെ (ജൂൺ 10) കളക്ടർ അധ്യക്ഷയായ സമിതിയുടെ പേരിലും ദുരന്തനിവാരണ നിയമപ്രകാരവുമുള്ള രണ്ട് ഉത്തരവുകൾ പുറത്തിറക്കും. ഒരാഴ്ചയ്ക്കകം അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ എ.ഡബ്ല്യു.എച്ച്.ഒ.യ്ക്ക് എതിരെ കോടതി അലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പുതിയ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനായി പ്രോജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻ്റിനെ തിരഞ്ഞെടുക്കാൻ പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകുന്നതിനായി അഞ്ച് ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകാനും എ.ഡബ്ല്യു.എച്ച്. ഒയ്ക്ക് നിർദ്ദേശം നൽകി.
ഫ്ലാറ്റ് ഉടമകൾക്കുള്ള വാടക തുക മുൻകൂറായി നൽകാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. രേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി 24 ഉടമകൾക്ക് വാടക നിഷേധിച്ചിട്ടുണ്ട്. ഇവരുടെ രേഖകൾ പരിശോധിക്കാൻ ജൂൺ 15-ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. 24 കേസുകളും പ്രത്യേകമായി പരിശോധിച്ച് ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഉടമകളിൽ നിന്ന് ഫ്ലാറ്റുകളുടെ താക്കോൽ തിരികെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ എ.ഡബ്ല്യു.എച്ച്. ഒയും ഫ്ലാറ്റ് ഉടമകളും 15 ദിവസത്തിനകം സംയുക്ത ചർച്ച നടത്തണം. ഇതിനുശേഷവും പരിഹരിക്കപ്പെടാത്ത കേസുകളിൽ ബന്ധപ്പെട്ട തഹസിൽദാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
ഗുരുതരമായ ഘടനാപരമായ തകരാറുകളെ തുടർന്ന് ഫ്ലാറ്റ് സമുച്ചയത്തിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കാനും ഫ്ലാറ്റ് സമുച്ചയം പുനർനിർമ്മിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, എ.ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR