എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടികൾ വേഗത്തിലാക്കുന്നു
Ernakulam, 09 ജൂണ് (H.S.) കേരള രാഷ്ട്രീയത്തെ ഉലച്ച എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ വേഗത്തിലാക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ, കൊച്ചിൻ മിനറൽസ്
Veena Vijayan


Ernakulam, 09 ജൂണ് (H.S.)

കേരള രാഷ്ട്രീയത്തെ ഉലച്ച എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ വേഗത്തിലാക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആര്എല്) മാനേജിങ് ഡയറക്ടര് എസ്.എൻ. ശശിധരൻ കർത്ത എന്നിവരുൾപ്പെടെ ഒമ്പത് പേർക്ക് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ അടിയന്തര സമൻസ് നൽകി.

ഈ വരുന്ന വെള്ളിയാഴ്ചയോടെ (ജൂണ് 12) ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില് ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് ഇഡി ഡയറക്ടര് രാഹുല് നവീന് കൊച്ചിയില് നടത്തിയ യോഗത്തില് കേസിലെ നടപടികള് വേഗത്തിലാക്കാന് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിരുന്നു.

സിഎംആർഎൽ ഉദ്യോഗസ്ഥരായ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുരേഷ് കുമാർ, ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെയുള്ള ഒമ്പത് പേരെയും വീണാ വിജയനെയും ഒരേസമയം ചോദ്യം ചെയ്യാനാണ് ഇഡി പദ്ധതിയിടുന്നത്. സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധി വന്നതോടെ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പ്രതികൾക്ക് സാധിക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഹൈക്കോടതി പച്ചക്കൊടി കാട്ടി; പിന്നാലെ ഇഡിയുടെ നീക്കം

ഇഡി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആർഎൽ അധികൃതർ നൽകിയ അപ്പീൽ നേരത്തെ കേരള ഹൈക്കോടതി പൂർണമായും തള്ളിയിരുന്നു. അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് വീണാ വിജയനും മറ്റ് ഉദ്യോഗസ്ഥർക്കും ഇഡി ഔദ്യോഗികമായി നോട്ടീസ് അയച്ചത്. കേസിൽ കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ മാസം അവസാനം ഇഡി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും ബെംഗളൂരുവിലുമുള്ള എക്സാലോജിക്, സിഎംആർഎൽ ഓഫീസുകളിൽ വിപുലമായ റെയ്ഡുകൾ നടത്തിയിരുന്നു. ഈ പരിശോധനകളിൽ പ്രധാനപ്പെട്ട ഡിജിറ്റൽ രേഖകളും സാമ്പത്തിക വിവരങ്ങളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

കേസിൽ വീണാ വിജയനും സിഎംആർഎല്ലിനും വൻ തിരിച്ചടി നൽകിക്കൊണ്ട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതി തിങ്കളാഴ്ച (ജൂൺ 8) ഒരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് മുൻപ് പിടിച്ചെടുത്ത 134 നിർണായക രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി അനുമതി നൽകി. സിഎംആർഎൽ കമ്പനിയും എക്സാലോജിക്കും തമ്മിലുള്ള കരാറുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രേഖകൾ എതിർപ്പുകൾ മറികടന്ന് ഇഡിക്ക് ലഭിക്കുന്നത് ചോദ്യം ചെയ്യലിൽ നിർണായകമാകും.

ഇതിനെല്ലാം വഴിതുറന്നത് കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 5) കേരള ഹൈക്കോടതി നൽകിയ വിധിയാണ്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ കമ്പനിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണ്ണമായും തള്ളി. ഒരു ക്രിമിനൽ കേസോ എഫ്.ഐ.ആറോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഇഡിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രിയുടെയും മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിലടക്കം ഇഡി വിപുലമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണാ വിജയന്റെയും എക്സാലോജിക് കമ്പനിയുടെയും ഉൾപ്പെടെ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിക്കുകയും 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും ഇഡി പദ്ധതിയിടുന്നുണ്ട്. എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് സേവനം നൽകാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇടിയുടെ പ്രധാന കണ്ടെത്തൽ. വരും ദിവസങ്ങളിൽ വീണയെയും സിഎംആർഎൽ ഉദ്യോഗസ്ഥരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News